ബെംഗളൂരു: ഇന്ത്യന്‍ ടെന്നീസ് താരം സുമിത് നാഗലിന് ഒളിമ്പിക്‌സ് യോഗ്യത. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം മത്സരത്തില്‍ നിന്നും വിട്ടുനിന്നതോടെയാണ് സുമിതിന് ഒളിമ്പിക്‌സില്‍ കളിക്കാന്‍ അവസരം ലഭിച്ചത്.

അവസാന നിമിഷമാണ് താരം യോഗ്യത സ്വന്തമാക്കിയത്. 23 വയസ്സുകാരനായ സുമിത് ലോകറാങ്കിങ്ങില്‍ 144-ാം സ്ഥാനത്താണ്. ' എന്റെ വികാരങ്ങളെ പ്രകടമാക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഒളിമ്പിക്‌സിന് യോഗ്യത നേടി എന്നുള്ളത് ഇപ്പോഴും വിശ്വസിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. എനിക്ക് ഊര്‍ജം നല്‍കിയ ഏവര്‍ക്കും നന്ദി '-താരം പറഞ്ഞു.

എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരമായ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഒളിമ്പിക് യോഗ്യത നേടാന്‍ സാധിച്ചില്ല. പുരുഷ ഡബിള്‍സില്‍ സുമിതിനൊപ്പം സഖ്യം ചേര്‍ന്ന ബൊപ്പണ്ണ അവസാന നിമിഷമാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. 

2016 റിയോ ഒളിമ്പിക്‌സില്‍ ബൊപ്പണ്ണ സാനിയ മിര്‍സയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു. അന്ന് മെഡല്‍ നേടാന്‍ ടീമിന് സാധിച്ചിരുന്നില്ല.

മറ്റൊരു ഇന്ത്യന്‍ താരമായ പ്രജ്‌നേഷ് ഗുണേശ്വരനും ഒളിമ്പിക് യോഗ്യത ലഭിച്ചില്ല. 148-ാം റാങ്കുകാരനായ താരത്തിന് നേരിയ വ്യത്യാസത്തിലാണ് യോഗ്യത നഷ്ടപ്പെട്ടത്.

Content Highlights: Sumit Nagal seals berth in Tokyo Olympics, Rohan Bopanna misses out