ടോക്യോ: ലോങ്ജമ്പില്‍ ഫൈനല്‍ കാണാതെ മലയാളി താരം ശ്രീശങ്കര്‍ പുറത്ത്. 15 പേര്‍ മത്സരിച്ച യോഗ്യതാ റൗണ്ട് ബിയില്‍ ശ്രീശങ്കറിന് 13-ാം സ്ഥാനം മാത്രം. 7.69 മീറ്റര്‍ ദൂരമാണ് മലയാളി താരം പിന്നിട്ടത്. 8.15 മീറ്റര്‍ ദൂരമായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ക്ക്. 

തന്റെ ആദ്യ ശ്രമത്തിലാണ് താരം 7.69 മീറ്റര്‍ താണ്ടിയത്. രണ്ടും മൂന്നും ശ്രമങ്ങളില്‍ യഥാക്രമം 7.51 മീറ്ററും 7.43 മീറ്ററുമായിരുന്നു ദൂരം. ദേശീയ റെക്കോഡിന് ഉടമയായ ശ്രീശങ്കറിന് തന്റെ മികച്ച പ്രകടനത്തിന് അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല. 

ഈ വര്‍ഷം മാര്‍ച്ചില്‍ പാട്യാലയില്‍ നടന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 8.26 മീറ്റര്‍ ദൂരം താണ്ടിയാണ് ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. 2018 സെപ്റ്റംബറില്‍ ഭുവനേശ്വറില്‍ നടന്ന നാഷണല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 8.20 മീറ്ററും ശ്രീശങ്കര്‍ കണ്ടെത്തിയിട്ടുണ്ട്. 

Content Highlights: Sreeshankar fails to make the cut for long jump final Tokyo Olympics 2020