ടോക്യോ: ഇന്ത്യന്‍ താരം തേജീന്ദര്‍പാല്‍ സിങ്ങ് ഷോട്ട് പുട്ട് ഫൈനല്‍ കാണാതെ പുറത്ത്. യോഗ്യതാ റൗണ്ട് എയില്‍ മത്സരിച്ച ഇന്ത്യന്‍ താരത്തിന് ലഭിച്ചത് 13-ാം സ്ഥാനം മാത്രം. ആകെ 16 പേരാണ് മത്സരിക്കാനുണ്ടായിരുന്നത്.

ആദ്യ ശ്രമത്തില്‍ 19.99 മീറ്റര്‍ ദൂരം പിന്നിട്ട തേജീന്ദര്‍ പാലിന്റെ അടുത്ത രണ്ട് ശ്രമങ്ങളും ഫൗളായി. 21.20 മീറ്റര്‍ ദൂരമാണ് ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ക്ക്. തന്റെ മികച്ച പ്രകടനമായ 21.49 മീറ്റര്‍ എറിഞ്ഞിരുന്നെങ്കില്‍ ഇന്ത്യന്‍ താരത്തിന് നേരിട്ട് ഫൈനലിലെത്താമായിരുന്നു. 

21.49 മീറ്റര്‍ ദൂരം എറിഞ്ഞ ന്യൂസീലന്റിന്റെ തോമസ് വാല്‍ഷും 21.31 മീറ്റര്‍ കണ്ടെത്തിയ ബ്രസീലിന്റെ ഡാര്‍ലന്‍ റൊമാനിയും 21.23 മീറ്റര്‍ എറിഞ്ഞ ഈജിപ്തിന്റെ അമര്‍ ഹസ്സന്‍ മുസ്തഫയും നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടി. ഈജിപ്ഷ്യന്‍ താരത്തിന്റെ സീസണിലെ മികച്ച ദൂരമാണിത്. 

Content Highlights: Shot Putter Tajinderpal Singh out of Tokyo Olympics 2020