ടോക്യോ: ഇന്ത്യയുടെ സാനിയ മിര്‍സ-അങ്കിത റെയ്‌ന സഖ്യം ഒളിമ്പിക്സ് വനിതാ ഡബിള്‍സ് ടെന്നിസില്‍ നിന്നും പുറത്ത്. യുക്രൈനിന്റെ ലിയൂഡ്‌മൈല കിച്ചനോക്ക്-നാദിയ കിച്ചനോക്ക് സഖ്യത്തോട് തോറ്റാണ് ഇന്ത്യന്‍ ടീം പുറത്തായത്.

ആദ്യ സെറ്റ് അനായാസം നേടിയ ശേഷമാണ് സാനിയയും അങ്കിതയും ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍: 6-0, 6-7, 8-10

ആദ്യ സെറ്റില്‍ ഒരു പോയന്റ് പോലും എതിരാളികള്‍ക്ക് നല്‍കാതെ അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യന്‍ ടീമിനെ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിക്കൊണ്ട് യുക്രൈന്‍ സംഘം കീഴടക്കുകയായിരുന്നു. 

രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ 7-6 ന് സ്വന്തമാക്കിയ യുക്രൈന്‍ മൂന്നാം സെറ്റിലും ആ മികവ് തുടര്‍ന്നു. ഇതോടെ ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടെന്നീസിലെ പ്രതീക്ഷകള്‍ അവസാനിച്ചു. അനായാസമായി വിജയിക്കാവുന്ന മത്സരമാണ് പിഴവുകള്‍ വരുത്തി ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയത്.

Content Highlights: Sania Mirza and Ankita Raina, women doubles tennis team, tokyo 2020