ടോക്യോ: ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജോക്കോവിച്ച് ഒളിമ്പിക്‌സില്‍ വെങ്കലമെഡലിനായുള്ള മിക്‌സഡ് ഡബിള്‍സ് ടെന്നീസ് മത്സരത്തില്‍ നിന്നും പിന്മാറി. സിംഗിള്‍സില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയോട് തോല്‍വി വഴങ്ങിയതിന്റെ ദേഷ്യത്തിലാണ് താരം മിക്‌സഡ് ഡബിള്‍സില്‍ നിന്നും പിന്മാറിയത്.

ഇതോടെ സെര്‍ബിയയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായി. 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ തകര്‍പ്പന്‍ ഫോമില്‍ കളിച്ചുവരുന്ന ജോക്കോവിച്ച് തന്നെയാണ് ഇത്തവണ ഒളിമ്പിക്‌സില്‍ കിരീടം നേടുകയെന്ന് ടെന്നീസ് ലോകം വിധിയെഴുതി. ഇതിഹാസ താരങ്ങളായ റാഫേല്‍ നദാലും റോജര്‍ ഫെഡററും പിന്മാറിയതോടെ ജോക്കോവിച്ചിന്റെ കിരീടത്തിലേക്കുള്ള വഴി കൂടുതല്‍ എളുപ്പമായി. എന്നാല്‍ വിധി മറ്റൊന്നാണ് താരത്തിന് കാത്തുവെച്ചത്. 

സ്‌റ്റെഫി ഗ്രാഫിനുശേഷം ഗോള്‍ഡന്‍ സ്ലാം നേടാനായി ടോക്യോയിലെത്തിയ ജോക്കോവിച്ചിനെ സെമി ഫൈനലില്‍ അലെക്‌സാണ്ടര്‍ സ്വെരേവ് ഞെട്ടിച്ചു. ഇതോടെ ജോക്കോവിച്ചിന്റെ ആദ്യ ഒളിമ്പിക് സ്വര്‍ണ മോഹം ഇല്ലാതായി. ഇന്ന് നടന്ന വെങ്കല മെഡലിനായുള്ള മത്സരത്തിലെങ്കിലും ജയിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള താരത്തിന്റെ മോഹത്തിന് ബുസ്റ്റയും തിരിച്ചടി നല്‍കി. 6-4, 6-7, 6-3 എന്ന സ്‌കോറിനാണ് ലോകചാമ്പ്യനെ ബുസ്റ്റ കീഴടക്കിയത്.

ബുസ്റ്റയ്‌ക്കെതിരായ മത്സരത്തില്‍ ജോക്കോവിച്ച് പരിസരം മറന്ന് ദേഷ്യം പ്രകടിപ്പിച്ചിരുന്നു. റാക്കറ്റ് വലിച്ചെറിഞ്ഞും നിലത്തടിച്ച് പൊട്ടിച്ചുമെല്ലാമാണ് താരം അമര്‍ഷം തീര്‍ത്തത്. പിന്നാലെ മിക്‌സഡ് ഡബിള്‍സ് മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. സ്റ്റോയാനോവിച്ചായിരുന്നു ജോക്കോവിച്ചിന്റെ സഹതാരം. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി-പീയേഴ്‌സ് ജോണ്‍ സഖ്യത്തെയായിരുന്നു വെങ്കല മെഡല്‍ മത്സരത്തിനായി സെര്‍ബിയന്‍ സഖ്യം നേരിടേണ്ടിയിരുന്നത്. ജോക്കോവിച്ച് പിന്മാറിയതോടെ ആഷ്‌ലി ബാര്‍ട്ടി-പീയേഴ്‌സ് ജോണ്‍ സഖ്യം വെങ്കല മെഡല്‍ സ്വന്തമാക്കി.

Content Highlights: Novak Djokovic savaged over 'shameful' Olympics act