ടോക്യോ: ഗോള്‍ഡന്‍ സ്ലാം പ്രതീക്ഷിച്ച് ടോക്യോ ഒളിമ്പിക്‌സിനെത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിന് വന്‍ തിരിച്ചടി. പുരുഷ സിംഗിള്‍സില്‍ ഒരു മെഡല്‍ പോലുമില്ലാതെയാണ് സെര്‍ബിയിന്‍ താരം ടോക്യോയില്‍ നിന്ന് മടങ്ങുന്നത്. 

വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ 65-ാം സ്ഥാനത്തുള്ള സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയോട് ദ്യോക്കോവിച്ച് പരാജയപ്പെട്ടു. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു തോല്‍വി. 

ആദ്യ സെറ്റ് 6-4ന് സ്പാനിഷ് താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് ടൈ ബ്രേക്കറിന് ഒടുവില്‍ ദ്യോക്കോ നേടി. എന്നാല്‍ മൂന്നാം സെറ്റില്‍ പാബ്ലോ ബുസ്റ്റയോട് പിടിച്ചുനില്‍ക്കാന്‍ ദ്യോക്കോയ്ക്ക് കഴിഞ്ഞില്ല. 6-3ന് സെറ്റും വെങ്കല മെഡലും സ്പാനിഷ് താരം സ്വന്തമാക്കി.

നേരത്തെ സെമി ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനോടാണ് ദ്യോക്കോവിച്ച് തോറ്റത്. മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക റാങ്കിങ്ങില്‍ അഞ്ചാമതുള്ള സ്വരേവിന്റെ വിജയം. ആദ്യ സെറ്റ് 6-1ന് അനായാസം നേടിയ ദ്യോക്കോയ്ക്ക് രണ്ടും മൂന്നും സെറ്റില്‍ അടിതെറ്റി. രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-1നും ജര്‍മന്‍ താരം സ്വന്തമാക്കി. 

Content Highlights: Novak Djokovic Lost Bronze Medal Match Tokyo Olympics 2020