ടോക്യോ: സെമി ഫൈനലിലെ തോല്‍വിയ്ക്ക് ശേഷം പ്രതികരണവുമായി ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍.ശ്രീജേഷ്. തോല്‍വിയില്‍ നിരാശപ്പെട്ടിരിക്കാന്‍ സമയമില്ലെന്നും വെങ്കലമെഡലിനായുള്ള മത്സരത്തില്‍ പരമാവധി പോരാടുമെന്നും ശ്രീജേഷ് പറഞ്ഞു.

' ജയിക്കുമെന്ന് ഉറപ്പിച്ചാണ് ഞങ്ങള്‍ കളിക്കാനിറങ്ങിയത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് മത്സരത്തില്‍ ജയിക്കാനായില്ല. രാജ്യത്തിന് വേണ്ടി വെങ്കല മെഡല്‍ നേടാനാണ് ഞങ്ങളുടെ ശ്രമം. അതിനുവേണ്ടി കഠിനാധ്വാനം നടത്തും'-ശ്രീജേഷ് വ്യക്തമാക്കി

സെമി ഫൈനലില്‍ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയാണ് ഇന്ത്യ ഫൈനല്‍ കാണാതെ മടങ്ങിയത്. വെങ്കലമെഡല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയോ ജര്‍മനിയോ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍. 

സെമി ഫൈനല്‍ വരെ എത്താന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും രാജ്യത്തിന് വേണ്ടി വെങ്കലമെങ്കിലും നേടി മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. 

' ടീം അംഗങ്ങളുടെ ഒത്തൊരുമ കൊണ്ടാണ് സെമിയിലെങ്കിലും എത്താന്‍ സാധിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നവരാണ്. ഫൈനലിലെത്തുക എന്നതുതന്നെയായിരുന്നു ആഗ്രഹം. പക്ഷേ നടന്നില്ല. അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല. ഭാവിയെക്കുറിച്ച് മാത്രമേ ഞങ്ങള്‍ ചിന്തിക്കുന്നുള്ളൂ. ഇപ്പോഴും ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടാനാവുന്ന സ്ഥാനത്താണ് ഞങ്ങള്‍. സങ്കടപ്പെട്ട് കരയുന്നതിനേക്കാള്‍ നല്ലതല്ലേ മെഡലിനായി പരിശ്രമിക്കുന്നത്.'-ശ്രീജേഷ് പറഞ്ഞു.

ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ശ്രീജേഷ് കാഴ്ചവെച്ചത്.

Content Highlights: No time for disappointment, have to focus on bronze medal match says Goalkeeper Sreejesh