കേരളത്തില്‍ നിന്നുള്‍പ്പെടെ കാഴ്ചക്കാരായി ആരും ടോക്യോയ്ക്ക് പോകേണ്ടെന്ന് ഒടുവില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കി. അഥവാ അനാവശ്യമായി ആരേയും ജപ്പാനില്‍ കയറ്റില്ലെന്ന് ടോക്യോ ഒളിമ്പിക്‌സ് സംഘാടകര്‍.

കേരളാ ഒളിമ്പിക് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങളും  ദേശീയ സ്‌പോര്‍ട്‌സ്  സംഘടനകളും പതിവുപോലെ ടൂറിസ്റ്റുകളെ അയയ്ക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം സംഘാടകരെ അറിയിക്കാന്‍ ഐ.ഒ.എ തയ്യാറായതുമാണ്. ജൂണ്‍ 25-ന് ഇതു സംബന്ധിച്ച കത്തും ഐ.ഒ.എ . അഫിലിയേഷന്‍ ഉള്ള ഘടകങ്ങള്‍ക്ക് എഴുതിയിരുന്നു. ഈ  പ്രതീക്ഷയിലാണ്  കേരളത്തില്‍ നിന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രിയും സംഘവും യാത്രയ്ക്ക് ഒരുങ്ങിയത്. എന്നാല്‍ ആരും പെട്ടിയെടുക്കേണ്ടെന്ന്  വ്യക്തിമാക്കി ഇന്നലെ ഐ.ഒ.എ അംഗങ്ങള്‍ക്ക് എഴുതി. ഒരു വിട്ടുവീഴ്ചയ്ക്കും ടോക്യോ തയ്യാറല്ലത്രെ. സത്യത്തില്‍ ഇക്കാര്യം എത്രയോ മുമ്പ് വ്യക്തമായതാണ്.

18 ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഈ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഓരോരുത്തര്‍ക്ക്  ടോക്യോയില്‍ എത്താം. അതിനപ്പുറം ആരും വേണ്ട.

ഇതോടെ കേരളത്തില്‍ നിന്ന് ഒമ്പത് കായിക താരങ്ങള്‍ക്കു പുറമെ നാലു പരിശീലകര്‍ ഉണ്ടാകും. പി. രാധാകൃഷ്ണന്‍ നായര്‍, എസ്. മുരളി, എം.കെ. രാജ് മോഹന്‍ (അത്‌ലറ്റിക്‌സ്), എസ്. പ്രദീപ് കുമാര്‍ (നീന്തല്‍), ബാഡ്മിന്റണ്‍ അമ്പയര്‍ ആയി ഡോ. ഫൈൻ സി. ദത്തന്‍ കാണും. മറ്റാരെങ്കിലും ഒഫിഷ്യല്‍ ആയി ഉള്ളതായി കേട്ടില്ല.

റെസ്ലിങ് ഫെഡറേഷന്‍ പ്രതിനിധിയായി സെക്രട്ടറി കേരളത്തിന്റെ വി.എന്‍. പ്രസൂദ് പോകാന്‍ നിശ്ചയിച്ചിരുന്നതാണ്.  പ്രസൂദിനു പകരം ഫെഡറേഷന്‍ സാരഥി ബ്രിജ് ഭൂഷന്‍ സിങ് ആണു പോകുക.

ഈ ലേഖകന്‍ ഉള്‍പ്പെടെ നാലു മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ കിട്ടിയെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം നാലുപേരും പിന്‍മാറി. രാജ്യമൊട്ടാകെ ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും പിന്‍ വാങ്ങിയെങ്കിലും അവരുടെ സ്ലോട്ടുകള്‍ മറ്റാര്‍ക്കും കിട്ടില്ല. അക്രഡിറ്റേഷന്‍ കിട്ടിയവരും സംഘാടകര്‍ അനുവദിച്ച അത്ര ഭാരവാഹികളും. അതിനപ്പുറം ആരും വേണ്ട. ഐ.ഒ.എയുടെ പുതിയ കത്ത് അടിവരയിടുന്നു.

Content Highlights: no spectators including those from Kerala should go to Tokyo says Indian Olympic Association