ത്‌ലറ്റിക്‌സില്‍ ഏഴ് പേര്‍. നീന്തലിലും ഹോക്കിയിലും ഓരോരുത്തര്‍. ടോക്യോ ഒളിമ്പിക്‌സിനുള്ള ടീം ഇന്ത്യയില്‍ ആകെ ഒമ്പത് മലയാളികള്‍. ജാപ്പനീസ് ഭാഷയില്‍ പറഞ്ഞാല്‍ 'ഗംബാറേ' (കഠിനമായി ശ്രമിക്കൂ) വിശ്വാസത്തില്‍തന്നെയാണ് മലയാളിതാരങ്ങള്‍ ടോക്യോയിലേക്ക് പറക്കുന്നത്. എന്നാല്‍ ഇക്കുറി കേരളത്തില്‍നിന്ന് ഒരു വനിതാ താരം പോലുമില്ലെന്നത് കായിക കേരളത്തിന് നിരാശയേകുന്നു. 1980-ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ പയ്യോളി എക്‌സ്പ്രസ്സ് പി.ടി. ഉഷ തുടക്കമിട്ട മലയാളി വനിതാ കുതിപ്പിന് തത്കാലത്തേക്കെങ്കിലും ടോക്യോയില്‍ അവസാനമാകുന്നു

അത്‌ലറ്റിക്‌സില്‍ ഏഴ് കേരള താരങ്ങളുണ്ട്. 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി. ഇര്‍ഫാന്‍, ലോങ്ജമ്പില്‍ എം. ശ്രീശങ്കര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി. ജാബിര്‍ എന്നിവരാണ് വ്യക്തിഗതയിനങ്ങളില്‍ പങ്കെടുക്കുന്നത്. റിലേ ടീമില്‍ മുഹമ്മദ് അനസ്, അമോജ് ജേക്കബ്, നോഹ നിര്‍മല്‍ ടോം, അലക്‌സ് ആന്റണി എന്നിവരുണ്ട്. ഹോക്കിയില്‍ പി.ആര്‍. ശ്രീജേഷ് ടീം ഇന്ത്യയുടെ ഗോള്‍വലയം കാക്കാനെത്തുമ്പോള്‍ നീന്തലില്‍ സാജന്‍ പ്രകാശുണ്ട്.

മുമ്പേ നടന്ന ഇര്‍ഫാന്‍

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ അത്‌ലറ്റായാണ് മലപ്പുറം അരീക്കോട് സ്വദേശി കെ.ടി. ഇര്‍ഫാന്‍ ജപ്പാനിലേക്ക് മുമ്പേ നടന്നത്. 2019 മാര്‍ച്ചില്‍ ജപ്പാനിലെ നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തിയാണ് ഇര്‍ഫാന്‍ ടോക്യോയിലേക്ക് ടിക്കറ്റ് ബുക്കുചെയ്തത്. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പത്താമനായി ഫിനിഷ് ചെയ്ത ഇര്‍ഫാന്റെ രണ്ടാം ഒളിമ്പിക്‌സാണിത്.

കരിയറിലെ മികച്ച സമയം - ഒരു മണിക്കൂര്‍ 20 മിനിറ്റ് 21 സെക്കന്‍ഡ് (ലണ്ടന്‍ ഒളിമ്പിക്‌സ് 2012)

ശ്രീശങ്കറിന്റെ ചാട്ടങ്ങള്‍

പട്യാലയില്‍തന്നെ നടന്ന സീനിയര്‍ ഫെഡറേഷന്‍ കപ്പ് മീറ്റില്‍ 8.26 മീറ്റര്‍ താണ്ടിയാണ് ശ്രീശങ്കര്‍ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്. വിദേശത്ത് ആവശ്യത്തിന് പരിശീലനം നടത്താന്‍ കഴിയാതെ പോയതിന്റെ പ്രശ്‌നങ്ങളുണ്ട്. എങ്കിലും കന്നി ഒളിമ്പിക്‌സ് മോശമാക്കില്ലെന്ന വാഗ്ദാനത്തോടെയാണ് ശ്രീ ടോക്യോയിലേക്ക് പറക്കുന്നത്. കേരളത്തിന് ഏറെ പ്രതീക്ഷയുണ്ട്.

കരിയറിലെ മികച്ച ദൂരം - 8.26 മീറ്റര്‍ (പട്യാല മീറ്റ് 2021)

കടമ്പകള്‍ താണ്ടി ജാബിര്‍

പി.ടി. ഉഷയ്ക്കുശേഷം ഒളിമ്പിക്‌സിന്റെ ട്രാക്കില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിക്കാനിറങ്ങുന്ന ആദ്യ മലയാളിതാരം. മലപ്പുറം പന്തല്ലൂര്‍ സ്വദേശിയായ ജാബിര്‍ ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് അവസാന നിമിഷം ടോക്യോയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. പട്യാല മീറ്റില്‍ 49.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയ ജാബിര്‍ അമേരിക്കന്‍ കോച്ച് ഗലിന ബുഖാറിനയുടെ കീഴില്‍ തീവ്രപരിശീലനം നടത്തിയാണ് ഒളിമ്പിക്‌സിനിറങ്ങുന്നത്.

കരിയറിലെ മികച്ച സമയം - 49.13 സെക്കന്‍ഡ് (ദോഹ 2019)

നീന്തിയെത്താന്‍ സാജന്‍

ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം. ഇടുക്കി സ്വദേശിയായ സാജന്‍ റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയാണ് ഒളിമ്പിക്‌സ് 'എ' ക്വാളിഫിക്കേഷന്‍ നേടിയത്. യോഗ്യതാ മാര്‍ക്ക് ഒരു മിനിറ്റ് 56.48 സെക്കന്‍ഡായിരുന്നു. 56.38 സെക്കന്‍ഡിലാണ് സാജന്‍ നീന്തിയെത്തിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ മത്സരിക്കുന്ന സാജന്റെ രണ്ടാം ഒളിമ്പിക്‌സാണിത്.

കരിയറിലെ മികച്ച സമയം - ഒരു മിനിറ്റ് 56.38 സെക്കന്‍ഡ് (റോം 2021)

റിലേയും ഹോക്കിയും

പുരുഷന്‍മാരുടെ 4x400 മീറ്റര്‍. റിലേ ടീമിലേക്കാണ് മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിയോ ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ മത്സരിച്ച അനസ് കൊല്ലം നിലമേല്‍ സ്വദേശിയാണ്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ നോഹ നിര്‍മല്‍ ടോം 'സായി'യിലൂടെയാണ് ദേശീയതലത്തില്‍ ശ്രദ്ധ നേടിയത്. കോട്ടയം സ്വദേശിയാണെങ്കിലും ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ അമോജ് കേരളത്തിനുവേണ്ടി ഇതുവരെ മത്സരിച്ചിട്ടില്ല. 4x400 മീറ്റര്‍ മിക്‌സഡ് റിലേ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അലക്‌സ് ആന്റണി തിരുവനന്തപുരം പുല്ലുവിള സ്വദേശിയാണ്. ഇവര്‍ മൂന്ന് പേര്‍ക്കും ഇത് കന്നി ഒളിമ്പിക്‌സാണ്. ഹോക്കിയില്‍ ടീം ഇന്ത്യയുടെ കാവല്‍ക്കാരനായ പി.ആര്‍. ശ്രീജേഷ് എറണാകുളം പള്ളിക്കര സ്വദേശിയാണ്. ലണ്ടനിലും റിയോയിലും ഇന്ത്യയുടെ കുപ്പായമണിഞ്ഞ ശ്രീജേഷിന് ഇത് മൂന്നാം ഒളിമ്പിക്‌സാണ്.

Content Highlights: nine Athletes who have qualified for the Tokyo Olympics from Kerala