ടോക്യോ: ഒളിമ്പിക്‌സ് സെമി ഫൈനലില്‍ ബെല്‍ജിയത്തോടേറ്റ തോൽവിയിൽ വിശദീകരണവുമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകന്‍ ഗ്രഹാം റീഡ്. മത്സരത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച നിര്‍ണായക ലീഡ് നിലനിര്‍ത്താനും ലീഡ് വര്‍ധിപ്പിക്കാനും സാധിക്കാത്തതാണ് തോല്‍വിയ്ക്ക് കാരണമെന്ന് റീഡ് പറഞ്ഞു.

സെമിയില്‍ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ബെല്‍ജിയം ഇന്ത്യയെ തകര്‍ത്തത്. ഒരു ഘട്ടത്തില്‍ 2-1 എന്ന സ്‌കോറിന് മുന്നിലായിരുന്ന ഇന്ത്യ അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു. 

' മത്സരം ജയിക്കാനായി പരമാവധി അവസരങ്ങള്‍ ഞങ്ങള്‍ സൃഷ്ടിച്ചു. ലീഡ് നേടിയാല്‍പ്പോലും ബെല്‍ജിയം ഏതുഘട്ടത്തിലും തിരിച്ചടിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. മത്സരത്തില്‍ 2-1 എന്ന നിലയില്‍ ലീഡെടുത്ത സമയത്ത് അത് നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ലീഡ് വര്‍ധിപ്പിക്കാന്‍ ശ്രമവും നടത്തിയില്ല. അതിന് ഞങ്ങള്‍ നല്‍കിയ വില വളരെ വലുതായിരുന്നു. പെനാല്‍ട്ടി കോര്‍ണറുകളാണ് ഞങ്ങള്‍ക്ക് വില്ലനായത്. നിരവധി പെനാല്‍ട്ടി കോര്‍ണര്‍ അവസരങ്ങള്‍ ബെല്‍ജിയത്തിന് ലഭിച്ചു. അതാണ് മത്സരത്തില്‍ നിര്‍ണായകമായത്.'-മത്സരശേഷം റീഡ് വ്യക്തമാക്കി.

അവസാന 15 മിനിറ്റിലാണ് ഇന്ത്യ മൂന്ന് ഗോളുകള്‍ വഴങ്ങി മത്സരത്തില്‍ പിന്നോട്ടുപോയത്. നിര്‍ണായക സമയത്ത് നായകന്‍ മന്‍പ്രീത് ഗ്രീന്‍ കാര്‍ഡ് കണ്ടതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 

'ഇന്ത്യയ്ക്ക് ലഭിച്ച ഗ്രീന്‍കാര്‍ഡാണ് മത്സരം മാറ്റിമറിച്ചത്. ആ സമയത്താണ് ബെല്‍ജിയം ലീഡെടുത്തത്. ലോക ഒന്നാം നമ്പര്‍ ടീമിനെതിരേ പിന്നില്‍ നില്‍ക്കുമ്പോള്‍ തിരിച്ചുവരാന്‍ ബുദ്ധിമുട്ടാണ്. ഇനി വെങ്കലം നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പോരായ്മകള്‍ പരിഹരിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കും'-റീഡ് കൂട്ടിച്ചേര്‍ത്തു.

വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ഓസ്‌ട്രേലിയയോ ജര്‍മനിയോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.

Content Highlights:Needed to build on our 2-1 lead, not doing so cost us, says hockey coach Reid