1984 ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സില്‍ പി.ടി. ഉഷയ്ക്ക് ഫോട്ടോഫിനിഷില്‍ മെഡല്‍ നഷ്ടപ്പെട്ടിട്ട് ഇന്ന് 35 വര്‍ഷം തികയുകയാണ്. എന്നാല്‍, അന്ന് ഉഷ മത്സരിച്ച 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി ഒരു മൊറോക്കോക്കാരി ചരിത്രം സൃഷ്ടിച്ചിരുന്നു - നവല്‍ അല്‍ മൗതവകേല്‍. 

മുസ്ലിം ഭൂരിപക്ഷരാജ്യത്തുനിന്ന് ഒളിമ്പിക് സ്വര്‍ണം നേടിയ ആദ്യവനിതയെന്ന ഖ്യാതി മൗതവകേല്‍ സ്വന്തമാക്കി. ഒളിമ്പിക് ചാമ്പ്യനാവുന്ന, ആഫ്രിക്കയില്‍നിന്നുള്ള ആദ്യ മുസ്ലിം വനിതയും അവര്‍തന്നെ. മൊറോക്കോയുടെ ആദ്യ ഒളിമ്പിക് സ്വര്‍ണവും മൗതവകേലിന്റേതാണ്.

അന്ന് മൊറോക്കോയിലെ ഹസന്‍ രണ്ടാമന്‍ രാജാവ് മൗതവകേലിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. സ്വര്‍ണം നേടിയ ഓഗസ്റ്റ് എട്ടിന് ജനിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടെ പേര് നല്‍കുമെന്നും രാജാവ് പ്രഖ്യാപിച്ചു. മുസ്ലിം രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദനമായിരുന്നു മൗതവകേലിന്റെ വിജയം. 

1993-ല്‍ ഒരു തമാശയ്ക്കായി മൗതവകേല്‍ വീണ്ടും ഓടിത്തുടങ്ങി. കാസാബ്ലാങ്കയില്‍ അഞ്ചു കിലോമീറ്ററില്‍ അവര്‍ മത്സരിച്ചു. അന്നുമുതല്‍, മുസ്ലിംരാജ്യങ്ങളിലെ സ്ത്രീകളുടെ ഏറ്റവും വലിയ ഓട്ടമത്സരമായി അത് മാറി. മുപ്പതിനായിരത്തോളം പേരാണ് അതില്‍ പങ്കെടുക്കുന്നത്.

1995-ല്‍ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷനിലും 1998-ല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലും അംഗമായി. 2012 മുതല്‍ ഐ.ഒ.സി. വൈസ് പ്രസിഡന്റാണ്. 2026 ഫിഫ ലോകകപ്പിന് ആതിഥേയരാവാന്‍ ശ്രമിക്കുന്ന മൊറോക്കോയുടെ അംബാസഡര്‍മാരില്‍ ഒരാണ് മൗതവകേല്‍. 2007-ല്‍ അവര്‍ രാജ്യത്തെ കായികമന്ത്രിയുമായി.

Content Highlights: Nawal El Moutawakel 1984 los angeles olympics women 400m hurdles gold