ടോക്യോ: ഒളിമ്പിക്‌സ് വനിതാ സിംഗിള്‍സ് ആദ്യ റണ്ടില്‍ ജയവുമായി ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്ക. 

ചൈനീസ് താരം ഹെങ് സായ്‌സായിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 6-4. ഒരു മണിക്കൂറും 27 മിനിറ്റും മാത്രമാണ് മത്സരം നീണ്ടത്. 

ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്മാറിയ ശേഷമുള്ള ഒസാക്കയുടെ ആദ്യ മത്സരമായിരുന്നു ഇത്.

മാനസികാരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. തുടര്‍ന്ന് വിംബിള്‍ഡണിലും താരം പങ്കെടുത്തിരുന്നില്ല.

ഫ്രഞ്ച് ഓപ്പണില്‍ മത്സരങ്ങള്‍ക്കു ശേഷം മാധ്യമങ്ങളെ കാണില്ലെന്നു പ്രഖ്യാപിച്ചിരുന്ന ഒസാക്ക ആദ്യ റൗണ്ട് മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ കോര്‍ട്ട് വിട്ടിരുന്നു. ഇതോടെ താരത്തിന് സംഘാടകര്‍ 15000 ഡോളര്‍ പിഴ ചുമത്തി. തുടര്‍ന്നും താരത്തിനെതിരേ നടപടിയെടുക്കുമെന്ന് നാല് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളുടേയും സംഘാടകര്‍ സംയുക്ത പ്രസ്താവനയിലൂടെ മുന്നറിയിപ്പും നല്‍കി. ഇതിന് പിന്നാലെയാണ് ഒസാക്ക ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്.

Content Highlights: Naomi Osaka won opening match in Tokyo 2020