ടോക്യോ: ഒളിമ്പിക് ടെന്നീസ് കോര്‍ട്ടില്‍ അട്ടിമറികള്‍ തുടരുന്നു. നിലവിലെ ലോക രണ്ടാം നമ്പര്‍ താരമായ ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് മൂന്നാം റൗണ്ടില്‍ അടിതെറ്റി. ചെക്ക് റിപ്പബ്ലിക്കിന്റെ സീഡില്ലാ താരം മാര്‍കേറ്റ വോണ്‍ഡ്രോവ്‌സ്‌കയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വോണ്‍ഡ്രോവ്‌സ്‌കയുടെ വിജയം. സ്‌കോര്‍: 6-1, 6-4. 2019 ഫ്രഞ്ച് ഓപ്പണില്‍ റണ്ണറപ്പായ വോണ്‍ഡ്രോവ്‌സ്‌ക മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റില്‍ ഒന്നു പൊരുതാന്‍ പോലും ഒസാക്കയ്ക്ക് സാധിച്ചില്ല. 

രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പിന്നീട് അത് നിലനിര്‍ത്താന്‍ ജാപ്പനീസ് താരത്തിന് സാധിച്ചില്ല. നാലുതവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഒസാക്ക രണ്ടാം സെറ്റിലും തോല്‍വി വഴങ്ങി. 

ലോക റാങ്കിങ്ങില്‍ വോണ്‍ഡ്രോവ്‌സ്‌ക 42-ാം സ്ഥാനത്താണ്. അടുത്ത റൗണ്ടില്‍ സ്‌പെയിനിന്റെ പൗല ബഡോസയോ അര്‍ജന്റീനയുടെ നാദിയ പൊഡോറോസ്‌കയോ ആയിരിക്കും വോണ്‍ഡ്രോവ്‌സ്‌കയുടെ എതിരാളി. 

നേരത്തേ ലോക ഒന്നാം നമ്പര്‍ താരമായ ആഷ്‌ലി ബാര്‍ട്ടിയും ഒളിമ്പിക്‌സില്‍ നിന്നും പുറത്തായിരുന്നു. ആദ്യ റൗണ്ടില്‍ സ്‌പെയിനിന്റെ സോറിബസ് ടോര്‍മോയാണ് ബാര്‍ട്ടിയെ അട്ടിമറിച്ചത്.

Content Highlights: Naomi Osaka crashes out after error-strewn display in tokyo olympics 2020