ടോക്യോ: അപൂര്‍വമായ ഒരു മുഹൂര്‍ത്തത്തിനാണ് ഇന്ന് ടോക്യോ ഒളിമ്പിക്‌സ് വേദി സാക്ഷിയായത്. പുരുഷന്മാരുടെ ഹൈ ജംപ് മത്സരത്തില്‍ രണ്ട് പേര്‍ സ്വര്‍ണമെഡലിന് അര്‍ഹരായി.

ഇറ്റലിയുടെ ജിയാന്‍ മാര്‍കോ ടാംബേരിയും ഖത്തറിന്റെ മുതാസ് എസ്സ ബാര്‍ഷിമുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ട് പേരും 2.39 മീറ്റര്‍ ഉയരം കീഴടക്കിയാണ് സ്വര്‍ണം പങ്കിട്ടെടുത്തത്. ഇതോടെ മത്സരത്തില്‍ വെള്ളി മെഡല്‍ സ്ഥാനം ഇല്ലാതെയായി.

സ്വര്‍ണം പങ്കിടുന്ന സമയത്ത് ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നല്‍കാറില്ല. ഇതോടെ ബെലാറസിന്റെ മാക്‌സിം നെഡാസെകൗ ഈ ഇനത്തില്‍ വെങ്കലം നേടി. 2.37 മീറ്റര്‍ ഉയരമാണ് താരം കീഴടക്കിയത്.

29 കാരനായ ടാംബേരിയ്ക്ക് 2016 റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ മത്സരിച്ചെങ്കിലും 21-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മറുവശത്ത് 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 റിയോ ഒളിമ്പിക്‌സിലും വെങ്കലം നേടിയ താരമാണ് ബാര്‍ഷിം. ഇതാദ്യമായാണ് ഇരുവരും ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്.

Content Highlights: Men's high jump gold shared, setting off jubilant celebration