ടോക്യോ: കോവിഡ് വ്യാപിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഒഴിവാക്കി നടക്കുന്ന ടോക്യോ ഒളിമ്പിക്സില്‍ കായിക താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന കട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കായിക താരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം കുറയ്ക്കുന്നതിനായി കാര്‍ഡ് ബോര്‍ഡ് കട്ടിലുകളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഒരാളുടെ ഭാരം താങ്ങാവുന്ന തരത്തിലുള്ളതാണ് ഈ കാര്‍ഡ് ബോര്‍ഡ് കട്ടിലുകളെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഈ കട്ടിലുകള്‍ക്ക് ബലക്കുറവില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഐറിഷ് ജിംനാസ്റ്റിക്‌സ് താരം റൈസ് മക്ലെനഗന്‍. ഒരു കട്ടിലില്‍ ചാടി ബലക്കുറവില്ലെന്ന് തെളിയിക്കുന്ന വീഡിയോ റൈസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കട്ടിലിന് ബലക്കുറവുണ്ട് എന്നത് വ്യാജവാര്‍ത്തയാണെന്നു ട്വീറ്റില്‍ റൈസ് പറയുന്നു. 

ഈ ട്വീറ്റ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. വ്യാജ പ്രചരണം പൊളിച്ച താരത്തിന് നന്ദി പറഞ്ഞാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ട്വീറ്റ്.

Content Highlights: Irish gymnast jumps on cardboard beds at Tokyo Olympics to debunk anti-sex claim