ളിമ്പിക് ഹോക്കിയില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രിട്ടനോട് പൊരുതിതോറ്റെങ്കിലും രാജ്യം ഒന്നടങ്കം ഇന്ത്യന്‍ വനിതാ ടീമിന് കൈയടിക്കുകയാണ്. 

സെമിയില്‍ കരുത്തരായ അര്‍ജന്റീനയ്ക്കെതിരെയും പിന്നീട് പരാജയപ്പെട്ട് വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രിട്ടണെതിരെയും കളത്തിലിറങ്ങിയപ്പോള്‍ 130 കോടിയിലേറെ വരുന്ന ജനങ്ങളുടെ സ്‌നേഹവും പ്രാര്‍ഥനയും ടീമിനൊപ്പമുണ്ടായിരുന്നു. ഒടുവില്‍ തല ഉയര്‍ത്തി അഭിമാനത്തോടെ ടോക്യോയില്‍ നിന്ന് മടങ്ങുമ്പോഴും അധികം ആരും അറിയാത്ത ഒരു കഥയുണ്ട്. 

ഈ പ്രാര്‍ഥനകളൊന്നും കൂടെയില്ലാത്ത, നമുക്കൊന്നും പരിചയമില്ലാത്ത, കല്ലും മുള്ളും നിറഞ്ഞുനിന്ന ദുര്‍ഘടമായ ഒരു വഴി ഒളിമ്പിക്സിന് എത്തുംമുമ്പ് അവര്‍ക്ക് മുന്നിലുണ്ടായിരുന്നു. മരണവും കോവിഡും ടൈഫോയ്ഡും മാനസിക പ്രയാസങ്ങളും നിറഞ്ഞുനിന്നൊരു വഴി. 

ടോക്യോയിലേക്ക് വിമാനം കയറും മുമ്പുള്ള ടീം ക്യാമ്പിനിടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പ്രതിസന്ധിയില്‍ അകപ്പെട്ടത്. ക്യാമ്പിലുള്ള ആറു പേര്‍ കോവിഡ് പോസിറ്റീവായി. ഇതോടെ പരിശീലനം നിര്‍ത്തി ആറു പേരും രണ്ടാഴ്ച്ച ഐസൊലേഷനില്‍ കഴിഞ്ഞു. എന്നാല്‍ അടുത്ത പരീക്ഷണം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പരിചയസമ്പന്നയായ ഇന്ത്യയുടെ മുന്നേറ്റ താരം വന്ദന കതാരിയയുടെ അച്ഛന്‍ നഹാര്‍ സിങ്ങ് മരണപ്പെട്ടു. അവിടേയും വില്ലന്‍ കോവിഡ് ആയിരുന്നു. 

എന്നാല്‍ ഹരിദ്വാറില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതെ വന്ദന ടീം ക്യാമ്പില്‍ തുടര്‍ന്നു. അച്ഛനോട് അവസാനമായി യാത്രപറയാന്‍ മകള്‍ വന്നില്ലെന്ന് സമൂഹം കുറ്റപ്പെടുത്തി. എന്നിട്ടും വന്ദന തീരുമാനത്തില്‍ ഉറച്ചുനിന്നു. അതു തെറ്റിയില്ല, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ഹാട്രിക് ഗോളുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഒളിമ്പിക്സില്‍ ഹാട്രിക് നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരം എന്ന ചരിത്രവും സ്വന്തം പേരില്‍ ചേര്‍ത്തു.

ക്യാപ്റ്റന്‍ റാണി രാംപാലിന്റേയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. ടീം ക്യാമ്പിന് മുമ്പ് നടന്ന 10 ദിവസത്തെ ജര്‍മനി പര്യടനത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന് ടൈഫോയ്ഡ് ബാധിച്ചു. അതെല്ലാം ഭേദമായി ക്യാമ്പിലെത്തിയപ്പോള്‍ അവിടെ കാത്തിരുന്നത് കൊറോണ ആയിരുന്നു. രണ്ടാഴ്ച്ചത്തെ ഐസൊലേഷന് ഇടയില്‍ അവര്‍ മാനസികമായി തളര്‍ന്നു.

എന്നാല്‍ ഒളിമ്പിക്സ് എന്ന സ്വപ്നം അവരെ ഒറ്റക്കെട്ടായി മുന്നോട്ടുനയിച്ചു. കോവിഡും ടൈഫോയ്ഡും അച്ഛന്‍ നഷ്ടപ്പെട്ട ദുഃഖവും മാനസിക പ്രയാസങ്ങളുമെല്ലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ ചരിത്ര വിജയത്തിലൂടെ അവര് മായ്ച്ചുകളഞ്ഞു. പോരാടാന്‍ നമ്മള്‍ തയ്യാറാണെങ്കില്‍ കീഴ്പ്പെടുത്താന്‍ ഒന്നിനും കഴിയില്ലെന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം തെളിയിച്ചു.

Content Highlights: Indian Women's Hockey's Fairytale Story Ridden With Personal Sacrifices