ടോക്യോ: ഒളിമ്പിക്സിൽ നിര്‍ണായകമായ മത്സരത്തില്‍ സ്‌പെയിനിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ സ്പാനിഷ് പടയെ കീഴടക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദര്‍ പാല്‍ സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സിമ്രാന്‍ജീത് സിങ്ങും സ്‌കോര്‍ ചെയ്തു. ആദ്യ രണ്ട് ഗോളുകളും ആദ്യ ക്വാര്‍ട്ടറിലാണ് പിറന്നത്. മൂന്നാം ഗോള്‍ അവസാന ക്വാര്‍ട്ടറിലും വന്നു. സ്‌പെയിന്‍ മികച്ച ആക്രമണം നടത്തിയെങ്കിലും മലയാളി താരമായ ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യയ്ക്ക് തുണയായി. 

14-ാം മിനിറ്റിൽ സിമ്രന്‍ജിത്തിലൂടെ ഇന്ത്യ ലീഡെടുത്തു. മികച്ച ഫിനിഷിലൂടെ താരം ഇന്ത്യയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് രൂപീന്ദര്‍ ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. 

രണ്ടാമത്തെയും മൂന്നാമത്തെയും ക്വാര്‍ട്ടറുകളില്‍ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ഇന്ത്യ ശ്രദ്ധിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ പാളിപ്പോയ പ്രതിരോധനിരയുടെ തന്ത്രങ്ങള്‍ സ്‌പെയിനിനെതിരേ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചു. നാലാം ക്വാര്‍ട്ടറില്‍, 51-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണറിലൂടെ രൂപീന്ദര്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം ഗോള്‍ സ്വന്തമാക്കി. ഇതോടെ സ്‌പെയിന്‍ തകര്‍ന്നു. ആശ്വാസ ഗോള്‍ നേടാനായി കിണഞ്ഞുശ്രമിച്ചെങ്കിലും ശ്രീജേഷിന്റെ ഉജ്ജ്വല സേവുകള്‍ സ്പാനിഷ് പടയ്ക്ക് വിലങ്ങുതടിയായി.

ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഇന്ത്യ ആറുപോയന്റ് സ്വന്തമാക്കി. നിലവിൽ പൂൾ എ പോയന്റ് പട്ടികയിൽ ഓസ്ട്രേലിയയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 3-2 എന്ന സ്‌കോറിന് കീഴടക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 7-1 എന്ന സ്‌കോറിന് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 29 ന് നടക്കുന്ന അടുത്ത മത്സരത്തിൽ കരുത്തരായ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളികൾ.

Content Highlights: Indian hockey team beat Spain, Tokyo 2020, indian hockey men's team