ടോക്യോ: ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂള്‍ എ യിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് ന്യൂസീലന്‍ഡിനെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം തുടര്‍ച്ചയായി മൂന്നു ഗോളുകള്‍ നേടിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 

ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്ങും സ്‌കോര്‍ ചെയ്തു. ന്യൂസീലന്‍ഡിനായി റസ്സലും ജെന്നെസ്സും ഗോള്‍ കണ്ടെത്തി.

ആറാം മിനിറ്റിൽ റസ്സലിലൂടെ ന്യൂസീലന്‍ഡാണ് മത്സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ 13-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് രൂപീന്ദര്‍ ഇന്ത്യയ്ക്ക് സമനില ഗോള്‍ നേടി. പിന്നാലെ 26-ാം മിനിറ്റിലും 33-ാം മിനിട്ടിലും കോര്‍ണര്‍ വഴി ഹര്‍മന്‍ പ്രീത് ഇന്ത്യയ്ക്ക് 3-1 എന്ന ലീഡ് സമ്മാനിച്ചു.

രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്നതോടെ ന്യൂസീലന്‍ഡ് ടീം ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ ഇന്ത്യന്‍ നായകൻ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ന്യൂസീലന്‍ഡിന് തടസമായി. ന്യൂസീലൻഡിന്റെ ഗോളെന്നുറച്ച നാല് ഷോട്ടുകള്‍ ശ്രീജേഷ് തട്ടിയകറ്റി. ഒടുവില്‍ 43-ാം മിനിറ്റിൽ ന്യൂസീലന്‍ഡ് മത്സരത്തിലെ രണ്ടാം ഗോള്‍ നേടി. 

ഈ വിജയത്തോടെ പൂള്‍ എയില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയ്ക്കും ഇന്ത്യയ്ക്കും തുല്യ പോയന്റുകളാണെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ കരുത്തിലാണ് ഇന്ത്യ രണ്ടാമതായത്. ഓസ്‌ട്രേലിയ ജപ്പാനെയാണ് തോല്‍പ്പിച്ചത്. 

ഞയറാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

Content Highlights: India beat New Zealand in men's hockey match, olympics 2020