ടോക്യോ: കൊളംബിയയുടെ ലോറെന വലന്‍സിയയോട് തോറ്റ് ഒളിമ്പിക്‌സില്‍ നിന്ന് പുറത്തായപ്പോള്‍ ഇന്ത്യന്‍ താരം മേരി കോം കരഞ്ഞില്ല. പകരം നിറഞ്ഞ ചിരിയോടെ അവര്‍ കാണികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. 38 വയസ്സുകാരിയായ താരം ഒളിമ്പിക്‌സിനോട് സന്തോഷത്തോടെ യാത്ര പറയുകയാണ് എന്നായിരുന്നു എല്ലാവരും കരുതിയത്.

എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് അതായിരുന്നില്ല. താന്‍ മത്സരത്തില്‍ വിജയിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി എന്ന സന്തോഷത്തിലായിരുന്നു മേരി കോം. കാരണം ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടും മൂന്നും റൗണ്ടില്‍ നേരിയ മുന്‍തൂക്കം മേരി കോമിനായിരുന്നു. എന്നാല്‍ ആദ്യ റൗണ്ടില്‍ കൊളംബിയന്‍ താരം വലിയ മാര്‍ജിനില്‍ വിജയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിമാര്‍ കൊളംബിയന്‍ താരത്തിന് അനുകൂലമായാണ് മത്സരഫലം പ്രഖ്യാപിച്ചത്.

എന്നാല്‍ മേരി കോം ഇതെല്ലാം അറിഞ്ഞത് മത്സരശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്കായി സാംപിള്‍ കൊടുക്കാന്‍ പോകുമ്പോഴായിരുന്നു. പരിശീലകന്‍ ചോട്ടെലാലിനൊപ്പമാണ് മേരി കോം പോയത്. തോറ്റ വിവരം ചോട്ടെലാലാണ് ഇന്ത്യന്‍ താരത്തോട് പറഞ്ഞത്. ആ നിമിഷത്തില്‍ കരച്ചില്‍ പിടിച്ചുനിര്‍ത്താനായില്ലെന്നും താരം പറയുന്നു. മത്സരശേഷം ടോക്യോയില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേരി കോം.

'റിങ്ങിനുള്ളില്‍വെച്ച് തീരുമാനം ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ വിചാരിച്ചത് റഫറി എന്നെയാണ് വിജയിയായി പ്രഖ്യാപിച്ചത് എന്നായിരുന്നു. റിങ്ങിന് പുറത്തുവന്നപ്പോഴും വിജയിച്ചത് ഞാനാണെന്നായിരുന്നു എന്റെ വിശ്വാസം. തോറ്റു എന്ന് എനിക്കറിയില്ലായിരുന്നു. തുടര്‍ന്ന് ഉത്തേജകമരുന്ന് പരിശോധനയ്ക്കായി പോയി. ആ സമയത്ത് ചോട്ടെലാല്‍ കൂടെയുണ്ടായിരുന്നു. അദ്ദേഹം എന്നോടു സംസാരിച്ചു. എന്നിട്ടു പറഞ്ഞു. 'മേരീ, നീ വിഷമിക്കേണ്ട. എന്റെ വിജയി നീയാണ്.' ഇതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ വേഗം ഫോണെടുത്ത് നോക്കി. മുന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ ട്വീറ്റാണ് ഞാന്‍ ആദ്യം കണ്ടത്. എന്നെ ആശ്വസിപ്പിക്കുന്നതായിരുന്നു ആ ട്വീറ്റ്. അപ്പോഴാണ് യാഥാര്‍ഥ്യം എനിക്ക് മനസ്സിലായത്. ഞാന്‍ ഞെട്ടിപ്പോയി. കരച്ചില്‍ പിടിച്ചുനിര്‍ത്താനായില്ല.' മേരി കോം വ്യക്തമാക്കുന്നു.

മത്സര ഫലത്തില്‍ ആശയക്കുഴപ്പമുണ്ടാകാന്‍ മറ്റു കാരണങ്ങളുമുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വിജയിയുടെ പേര് പ്രഖ്യാപിക്കുമ്പോള്‍ റഫറിക്ക് കൈ ഉയര്‍ത്താന്‍ പറ്റില്ല. വിജയിയുടെ പേരും ജഴ്‌സിയുടെ നിറവും പറയുന്നത് ആ നിമിഷത്തില്‍ മേരി കോം ശ്രദ്ധിച്ചതുമില്ല. ഇതോടെ രണ്ട് റൗണ്ടില്‍ മുന്‍തൂക്കം നേടിയ താന്‍ വിജയി ആണെന്ന് മേരി കോമും കരുതി.

മേരി കോം കണ്ട കിരണ്‍ റിജിജുവിന്റെ ട്വീറ്റ്

 

Content Highlights: How Mary Kom learnt that she has been eliminated from Games Tokyo Olympics