ചണ്ഡീഗഢ്: ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലെ 9 താരങ്ങള്‍ക്ക് 50 ലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. ഹരിയാനയില്‍ നിന്നുള്ള ഒന്‍പത് താരങ്ങൾക്കാണ് സമ്മാനത്തുക നൽകുകയെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു

'സംസ്ഥാനത്തുനിന്നും ഒളിമ്പിക്‌സില്‍ പങ്കെടുത്ത വനിതാ ഹോക്കി താരങ്ങള്‍ക്കെല്ലാം 50 ലക്ഷം രൂപ വെച്ച് സമ്മാനത്തുകയായി നല്‍കും. അവരുടെ വിലമതിക്കാനാവാത്ത പ്രകടനത്തെ ഞാന്‍ അഭിനന്ദിക്കുന്നു'-ഖട്ടര്‍ ട്വിറ്ററിലൂടെ കുറിച്ചു.

ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. വെങ്കലമെഡലിനായി മത്സരിച്ച ഇന്ത്യ ബ്രിട്ടനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. 

നേരത്തേ ഹരിയാനയില്‍ നിന്നുള്ള ഗുസ്തി വെള്ളി മെഡല്‍ ജേതാവ് രവികുമാര്‍ ദഹിയയ്ക്കും മുഖ്യമന്ത്രി സമ്മാനത്തുക നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 4 കോടി രൂപയാണ് ഹരിയാന സര്‍ക്കാര്‍ രവികുമാറിന് നല്‍കുക.

Content Highlights: Haryana to give Rs 50 lakh each to state's 9 women's hockey players