ടോക്യോ: ഒളിമ്പിക്‌സിന് തിരി തെളിയാന്‍ ആറു ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക് വില്ലേജില്‍ കോവിഡ്. ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് സംഘാടക സമിതി അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതെന്നും ഗെയിംസ് വില്ലേജിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസ് ആണിതെന്നും ടോക്യോ ഒളിമ്പിക് സി.ഇ.ഒ തോഷിറോ മൂട്ടോ വ്യക്തമാക്കി. 

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒഫീഷ്യലിനെ ഗെയിംസ് വില്ലേജില്‍ നിന്ന് ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍ ഒഫീഷ്യല്‍ ആരാണെന്നും ഏതു രാജ്യത്ത് നിന്നുള്ള വ്യക്തിയാണെന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 

ജൂലൈ 23-ന് തുടങ്ങുന്ന ഒളിമ്പിക്‌സിനായി അത്‌ലറ്റുകള്‍ ഗെയിംസ് വില്ലേജില്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്‌സ് സമാപിക്കുക. 2020-ല്‍ തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്‌സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് നീട്ടിവെയ്ക്കുകയായിരുന്നു.

Content Highlights: First Case of Covid-19 in Tokyo Olympic Village