ടോക്യോ: ഒളിമ്പിക് മുദ്രാവാക്യം പരിഷ്‌കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച് എന്നതാണ് ഒളിമ്പിക്‌സിലെ പുതിയ മുദ്രാവാക്യം. ചൊവ്വാഴ്ച ടോക്യോയിൽ ചേര്‍ന്ന ഐഒസി യോഗത്തിലാണ് ഒന്നിച്ച് എന്നത് കൂട്ടിച്ചേര്‍ത്ത് മാറ്റത്തിന് അംഗീകാരം നല്‍കിയത്. 

സൈറ്റസ് (വേഗത്തില്‍), ആല്‍റ്റിയസ് (ഉയരത്തില്‍), ഫോര്‍ടിയസ് (കരുത്തോടെ) എന്നിങ്ങനെ മൂന്നു ലാറ്റിന്‍ വാക്കുകളാണ് നേരത്തെ ഉപയോഗിച്ചിരുന്നത്. ഒന്നിച്ച് എന്ന വാക്ക് കൂടി കൂട്ടിച്ചേര്‍ക്കാനുള്ള നിര്‍ദേശം ഐഒസി പ്രസിഡന്റ് തോമസ് ബാക് ആണ് മുന്നോട്ടുവെച്ചത്. എക്‌സിക്യൂട്ടീവ് ബോഡി ആ നിര്‍ദേശം അംഗീകരിച്ചു. ലോകം കോവിഡ് മഹാമാരിയിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിലാണ് ഒരുമിച്ച് എന്ന വാക്ക് കൂടി ഒളിമ്പിക്‌സിന്റെ മുദ്രാവാക്യത്തോട് കൂട്ടിച്ചേര്‍ത്തത്.

ടോക്യോയില്‍ 2020-ല്‍ നടക്കേണ്ട ഒളിമ്പിക്‌സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021-ലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴും കോവിഡ് ആശങ്കയ്ക്ക് ഇടയിലാണ് ഒളിമ്പിക്‌സ് നടക്കുന്നത്.

Content Highlights: Faster, higher, stronger and now 'together': IOC adds fourth Olympic motto