ടോക്യോ: ഒളിമ്പിക് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. 

ആദ്യ പകുതിയില്‍ ലെഫ്റ്റ് ബാക്ക് ഫ്രാന്‍സിസ്‌കോ ഒര്‍ട്ടേഗ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് അര്‍ജന്റീന മത്സരം പൂര്‍ത്തിയാക്കിയത്. 14-ാം മിനിറ്റില്‍ വെയ്ല്‍സിലൂടെ ഓസ്‌ട്രേലിയ ലീഡെടുത്തു. 

ഈ ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആദ്യ പകുതിയുടെ അവസാനം രണ്ടു മഞ്ഞക്കാര്‍ഡുകള്‍ വാങ്ങി ഒര്‍ട്ടേഗ പുറത്തായി. ഇതോടെ ഓസ്‌ട്രേലിയ മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു. 80-ാം മിനിറ്റില്‍ മാര്‍കോ ടിലിയോയിലൂടെ ഓസ്‌ട്രേലിയ രണ്ടാം ഗോളും നേടി. ഗ്രൗണ്ടിലിറങ്ങി 30 സെക്കന്റിനുള്ളിലാണ് ടിലിയോ ഗോള്‍ കണ്ടെത്തിയത്.

രണ്ടാം മത്സരത്തില്‍ ഈജിപ്താണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഈജിപ്തിനെ കൂടാതെ സ്‌പെയിനും അര്‍ജന്റീനയുടെ ഗ്രൂപ്പിലുണ്ട്. 

Content Highlights: Australia stun Argentina to start Tokyo Olympics campaign