ടോക്യോ: ഒളിമ്പിക് ഫുട്‌ബോളില്‍ നിന്ന് അര്‍ജന്റീന പുറത്ത്. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ സ്‌പെയ്‌നിനോട് സമനില വഴങ്ങിയതാണ് ലാറ്റിനമേരിക്കന്‍ ടീമിന് തിരിച്ചടിയായത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. 66-ാം മിനിറ്റില്‍ മെറീനോ സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടപ്പോള്‍ 87-ാം മിനിറ്റില്‍ ബെല്‍മോന്റെ അര്‍ജന്റീനയുടെ സമനില ഗോള്‍ നേടി. 

എന്നാല്‍ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറിലെത്താന്‍ ഈ സമനില മതിയാകുമായിരുന്നില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് രണ്ടു ഗോളിന് തോറ്റ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ ഈജിപ്തിനെതിരേ വിജയം കണ്ടിരുന്നു. 

മൂന്നു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള അര്‍ജന്റീന ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ഈജിപ്തിനും ഇതേ പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ അര്‍ജന്റീനയെ മറികടക്കുകയായിരുന്നു. അഞ്ച് പോയിന്റുമായി ഒന്നാമതെത്തിയ സ്‌പെയിനും ഈജിപ്തുമാണ് ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

ഗ്രൂപ്പ് എയില്‍ നിന്ന് ജപ്പാനും മെക്‌സിക്കോയും മുന്നേറിയപ്പോള്‍ ബിയില്‍ നിന്ന് സൗത്ത് കൊറിയയും ന്യൂസീലന്റും യോഗ്യത നേടി. ഗ്രൂപ്പ് ഡിയില്‍ ബ്രസീലും ഐവറി കോസ്റ്റുമാണ് അടുത്ത റൗണ്ടിലെത്തിയത്. അതേസമയം അര്‍ജന്റീനയ്‌ക്കൊപ്പം കരുത്തരായ ജര്‍മ്മനിയും ഫ്രാന്‍സും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി.

 

Content Highlights: Argentina Tokyo Olympics 2020 Football