അമരാവതി: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലമെഡല്‍ സ്വന്തമാക്കിയ വനിതാ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിന് ആന്ധ്രാ പ്രദേശം സര്‍ക്കാരിന്റെ സ്‌നേഹസമ്മാനം. 30 ലക്ഷം രൂപയാണ് സിന്ധവിന് സമ്മാനത്തുകയായി ലഭിക്കുക. 

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. സിന്ധു വെങ്കലമെഡല്‍ നേടിയതിനാലാണ് 30 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കുക. സ്വര്‍ണം നേടുന്നവര്‍ക്ക് 75 ലക്ഷം രൂപയും വെള്ളി നേടുന്നവര്‍ക്ക് 50 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ സമ്മാനത്തുകയായി നേരത്തേ പ്രഖ്യാപിച്ചത്. 

പ്രോത്സാഹന സമ്മാനമായി സിന്ധുവിനും പുരുഷ ബാഡ്മിന്റണ്‍ താരം സാത്വിക്‌സായ് രാജിനും വനിതാ ഹോക്കി താരം രജനി എട്ടിമര്‍പ്പുവിനും അഞ്ചുലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കും. 

സമ്മാനത്തുകയ്‌ക്കൊപ്പം സിന്ധുവിന് ബാഡ്മിന്റണ്‍ അക്കാദമി തുടങ്ങുന്നതിനായി വിശാഖപട്ടണത്ത് രണ്ട് ഏക്കര്‍ സ്ഥലവും സര്‍ക്കാര്‍ നല്‍കും. 2016 ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയപ്പോഴും ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ സിന്ധുവിന് നിരവധി സമ്മാനങ്ങള്‍ നല്‍കിയിരുന്നു. അന്ന് സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. 

Content Highlights: Andhra Pradesh announces Rs 30L cash reward to PV Sindhu