ടോക്യോ: ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിന് സ്വര്‍ണം. ഫൈനലില്‍ റഷ്യയുടെ കാരെന്‍ ഖച്ചനോവിനെ കീഴടക്കിയാണ് സ്വരേവ് കരിയറിലെ ആദ്യ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നിലവിലെ അഞ്ചാം നമ്പര്‍ താരമായ സ്വരേവിന്റെ വിജയം. സ്‌കോര്‍: 6-3, 6-1. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും റഷ്യന്‍ താരത്തിന് സ്വരേവിന് മേല്‍ വെല്ലുവിളി ഉയര്‍ത്താനായില്ല. 

സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് സ്വരേവ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്പാനിഷ് താരം ബുസ്റ്റയെയാണ് സെമിയില്‍ ഖച്ചനോവ് തോല്‍പ്പിച്ചത്. അട്ടിമറികളിലൂടെ ഫൈനലിലെത്തിയ ഖച്ചനോവിന് ആ മികവ് കലാശപ്പോരാട്ടത്തില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. 

ഇതുവരെ ഒരു ഗ്രാന്‍ഡ്സ്ലാം പോലും നേടാത്ത സ്വരേവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഫൈനലിലും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. 1988 ന് ശേഷം ജര്‍മനിയ്ക്കായി ഒളിമ്പിക്‌സ് ടെന്നീസില്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ താരം എന്ന റെക്കോഡും ഈ നേട്ടത്തിലൂടെ സ്വരേവ് സ്വന്തമാക്കി. സ്റ്റെഫി ​ഗ്രാഫാണ് ഇതിനുമുൻപ് ജർമനിയ്ക്ക് വേണ്ടി സ്വർണം നേടിയത്.

Content Highlights: Alexander Zverev beats Karen Khachanov to win men's singles tennis at Tokyo Olympics