ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മിരാബായ് ചാനു. റിയോ ഒളിമ്പിക്‌സില്‍ കണ്ണിരോടെ മടങ്ങിയ താരം ടോക്യോയില്‍ വെള്ളിമെഡല്‍ നേടിക്കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മിരാബായി ചാനു. ടോക്യോയില്‍ വെള്ളി നേടിയെങ്കിലും മിരാബായ് അതില്‍ തൃപ്തയല്ല. 2024 ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നതിനായി താരം പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

' എനിക്ക് 26 വയസ്സ് മാത്രമാണ് പ്രായം. ഒരു ഒളിമ്പിക്‌സില്‍ കൂടി മത്സരിക്കാനുള്ള കരുത്ത് എനിക്കുണ്ട്. 2024-ലെ പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുക എന്നതാണ് എന്റെ ലക്ഷ്യം. അതിനുവേണ്ട പരിശീലനം ഞാന്‍ ആരംഭിച്ചുകഴിഞ്ഞു' -താരം പറഞ്ഞു.

കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ആദ്യ താരമായ മിരാബായ് ചാനു നിലവിലെ ലോക മൂന്നാം നമ്പര്‍ താരമാണ്.

Content Highlights: 2024 Games is now my target, want to leave Paris with a gold says Chanu