പൊതുജനങ്ങള്‍ക്ക് മത്സരം നേരിട്ട് കാണാനാകില്ലെങ്കിലും ടോക്യോ നഗരം ശരിക്കും ഒളിമ്പിക്‌സിന്റെ ചൂടിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. വരുന്ന മൂന്നുദിവസത്തേക്ക് എല്ലാ ഓഫീസുകള്‍ക്കും സര്‍ക്കാര്‍ ഇവിടെ അവധിപ്രഖ്യാപിച്ചു. ഞങ്ങള്‍ക്കും അവധിയാണ്.

കുറച്ചുകാലംമുമ്പ്, കോവിഡ് കത്തിപ്പടരുമ്പോള്‍ നടത്തിയ സര്‍വേയില്‍ ടോക്യോയിലെ 80 ശതനമാനത്തോളം പേര്‍ ഒളിമ്പിക്‌സ് വേണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ 80 ശതമാനത്തിലേറെപ്പേര്‍ ഇതിനനുകൂലമാണെന്ന് ഞാന്‍ കരുതുന്നു.

12.6 ബില്യണ്‍ ഗെയിംസ് എന്നാണ് ഇവിടെ ഒളിമ്പിക്‌സിനെ പറയുന്നത്. അതിന്റെ മൂല്യത്തെക്കുറിച്ച് നാട്ടുകാര്‍ക്കറിയാം. കോവിഡ് തുടങ്ങിയശേഷം ഇവിടെ നടക്കുന്ന ആദ്യത്തെ വലിയ ചടങ്ങാണിത്. കോവിഡ് പോലൊരു മഹാമാരിക്കിടയിലും ഇതുപോലെ വലിയ ചടങ്ങ് സംഘടിപ്പിക്കാനുള്ള ജപ്പാന്റെ കഴിവിന്റെ തെളിവായിട്ടാണ് ഇപ്പോള്‍ ഭൂരിഭാഗവും ഇതിനെ കാണുന്നത്.

കഴിഞ്ഞ വര്‍ഷം ഗെയിംസ് നീട്ടിവെച്ചശേഷവും ഇവിടെ ഒട്ടേറെ തടസ്സങ്ങളുണ്ടായിരുന്നു. ഓരോ മാസവും ഗെയിംസ് ഉപേക്ഷിക്കും എന്ന വാര്‍ത്തകള്‍ വരും. എല്ലാവരും സംശയത്തിലായിരുന്നു. എതിര്‍ത്തും അനുകൂലിച്ചും കുറേയാളുകളുണ്ടായിരുന്നു. 

താരതമ്യേന കോവിഡ് കുറവായിരുന്ന ജപ്പാനില്‍ ഒളിമ്പിക്‌സോടെ രോഗം വ്യാപിക്കുമോ എന്ന സംശയം. പക്ഷേ, അതിനെയെല്ലാം മറികടക്കുന്നതരത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. അതോടെ പേടി കുറഞ്ഞുവന്നു. ഇപ്പോള്‍, നമ്മുടെ നാട്ടിലെ ഓണം പോലെയാണെന്ന് എനിക്കുതോന്നുന്നു. എല്ലാവരുടെയും ആഘോഷമായിമാറിയിരിക്കുന്നു. റോഡുകളിലും ഓഫീസുകളിലും എങ്ങും ഒളിമ്പിക്‌സിന്റെ ബാനറുകളും കൊടികളും കാണാം. ഇതിന്റെ ഭാഗമായി ഇവിടെ കാളയോട്ടം തുടങ്ങി പല പല വിനോദങ്ങള്‍ സംഘടിപ്പിച്ചു.

Content Highlights: Tokyo ready for Olympics 2020