പേര്: ഖാന്‍. ജനനം ജൂലായ് 22. ഉയരം 164. വിനോദം: ഛായാഗ്രഹണം. സവിശേഷകഴിവ്: ഗണിതം. ബലഹീനത: എരിവുള്ള കറി. ഇഷ്ടഭക്ഷണം: കറി.

ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ സാമുറായി ആണ് ഖാന്‍. ഇന്ത്യയ്ക്കു മാത്രമല്ല, ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കുന്ന ഇരുന്നൂറ് രാജ്യങ്ങളില്‍ എണ്‍പത്തിനാലുപേര്‍ക്കുമുണ്ട് ഇത്തരം പ്രതീകാത്മക സാമുറായി യോദ്ധാക്കള്‍. 

പതിനഞ്ച് കലാകാരന്മാരാണ് ഈ രാജ്യങ്ങളുടെ പതാകയും സാംസ്‌കാരിക ചരിത്രവും സമന്വയിപ്പിച്ച് ഇത്തരം സാമുറായി രൂപങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഒളിമ്പിക്‌സ് വഴി ജാപ്പനീസ് സംസ്‌കാരവും ചരിത്രവും ഐതിഹ്യവും ലോകമെങ്ങും എത്തിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് ഖാന്‍ എന്ന ഇന്ത്യന്‍ സാമൂറായി പിറന്നത്. വീഡിയോ ഗെയിമിലെ കഥാപാത്രങ്ങളുടെ മാതൃകയിലാണ് ഈ സാമൂറായികളെ ഒരുക്കിയിരിക്കുന്നത്. എല്ലാവരെയും കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്നുമുണ്ട്. അവരുടെ ജനനം. ഉയരം. ഇഷ്ടാനിഷ്ടങ്ങള്‍, വ്യക്തിത്വം... അങ്ങനെ പോകുന്നു വിവരണം. ഖാന്‍ ബുദ്ധിമാനാണ്. ഗണിതശാസ്ത്രത്തിലും ഭാഷകളിലും നിപുണന്‍. അഭിനയത്തില്‍ കേമനാണ്. കമ്പ്യൂട്ടറകളും മറ്റ് യന്ത്രങ്ങളും റിപ്പയര്‍ ചെയ്യും. ഇന്ത്യയുടെ ഹോളിവുഡായ ബോളിവുഡില്‍ അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. ഇതൊക്കെയാണ് ഇന്ത്യന്‍ സാമുറായിയുടെ വിവരണങ്ങള്‍. ഇന്ത്യയുടെ മുഖമുദ്രകളായ ഗണിതവും മറ്റ് വിജ്ഞാനശാഖകളും ബോളിവുഡും എരിവേറിയ രുചികളുമെല്ലാം ഈ സാമൂറായിയിലൂടെ ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു.

ഇതിന് പുറമെ ദേശീയപതാകയായ മൂവര്‍ണക്കൊടിയെക്കുറിച്ചുമുണ്ട് ചെറുവിവരണം. ഓരോ നിറം എന്തിനെ സൂചിപ്പിക്കുന്നുവെന്നും ഈ കുറിപ്പില്‍ പറയുന്നു.

സാമുറായികള്‍ ഇന്നില്ല. എങ്കിലും ഈ യോദ്ധാക്കള്‍ ജാപ്പനീസ് സംസ്‌കാരത്തിന്റെ മാത്രം സവിശേഷഭാഗമാണ്. ഇത് ലോകമെങ്ങും അറിയപ്പെടുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം-കലാകാരന്മാരില്‍ ഒരാളായ കമായ യമാമോട്ടൊ പറയുന്നു. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ചരിത്രവും സംസ്‌കാരവും മറ്റുള്ളവര്‍ക്ക് മനസിലാക്കാനും ഈ സാമൂറായിമാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് മറ്റൊരു കലാകാരനായ കൊസോ യമാഡ ബി.ബി.സിയോട് പറഞ്ഞു.

 ലാഭേച്ഛയേതുമില്ലാത്ത ഈ ഉദ്യമത്തിന് പിന്നില്‍ വലിയൊരു തയ്യാറെടുപ്പുണ്ടായിരുന്നു. ലോകമെങ്ങുനിന്നും ഓണ്‍ലൈനായി ആളുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടി. ഈ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചാണ് മെക്‌സിക്കോയുടെ പതാകയിലെ പരുന്തും പാമ്പുമൊക്കെ സാമൂറായിയിലും പ്രത്യക്ഷപ്പെട്ടത്. കാളപ്പോരിനെ സ്‌പെയിനിന്റെ സാമൂറായിയില്‍ നിന്ന് നീക്കം ചെയ്തതും ഇത്തരം അഭിപ്രായങ്ങള്‍ സ്വീകരിച്ചുതന്നെ.

 എന്തായാലും ഒളിമ്പിക് മാസ്‌ക്കോട്ടുകള്‍ പോലെ തന്നെ ഈ സാമൂറായിമാരും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.

 Content Highlights: Tokyo Olympics: Japanese artists reimagine countries as anime samurai India Khan, Bollywood