സൈന്‍ ബോള്‍ട്ടിന്റെ പിന്‍ഗാമി ആരാവും..? ആ ചോദ്യത്തിനുള്ള ഉത്തരമായി ആദ്യം പറയപ്പെട്ടത് ബോള്‍ട്ടിന്റെ മുന്‍ഗാമിയെയായിരുന്നു. 2004 ആതന്‍സ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ജസ്റ്റിന്‍ ഗാട്ലിന്‍. റിയോ ഒളിമ്പിക്സില്‍ വെള്ളി നേടിയ ഗാട്ലിന്‍ ബോള്‍ട്ട് പടിയിറങ്ങിയ ലണ്ടന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി സിംഹാസനത്തിലേക്ക് കാല്‍വെക്കുകയും ചെയ്തു. എന്നാല്‍, പ്രായം ഗാട്ലിനെ തളര്‍ത്തി. ടോക്യോ ഒളിമ്പിക്സ്  ഒരുവര്‍ഷം നീട്ടിവെക്കുക കൂടി ചെയ്തതോടെ അദ്ദേഹത്തിന് 39 വയസ്സ് പിന്നിട്ടു.  കഴിഞ്ഞ ഏപ്രിലില്‍ നടന്ന അമേരിക്കയുടെ ഒളിമ്പിക് ട്രയല്‍സില്‍സിന്റെ ഫൈനലില്‍ മുടന്തി ഫിനിഷ് ചെയ്തതോടെ ടോക്യോയ്ക്ക് ടിക്കറ്റ്  കിട്ടാതെ ഗാട്ലിന്‍ മടങ്ങി.

ഇതോടെ മറ്റൊരു കാര്യം ഉറപ്പായി. 2000-ന് ശേഷം ഒളിമ്പിക്സ്  100 മീറ്റര്‍ ഓട്ടത്തില്‍ പുതിയ ചാമ്പ്യന്‍ പിറക്കുമെന്നത്. 2004-ല്‍ ഗാട്ലിന്‍ സ്വര്‍ണം നേടിയ ശേഷം 2008- ബെയ്ജിങ്ങിലും, 2012 ലണ്ടനിലും 2016- റിയോയിലും ബോള്‍ട്ട് എതിരാളികളില്ലാതെ കുതിച്ചു. ബോള്‍ട്ടും ഗാട്ലിനും മത്സരിക്കാനില്ലാത്തതോടെ പുതിയ ചാമ്പ്യനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാനായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ഈ ചര്‍ച്ചകളില്‍ മുന്നില്‍. ദോഹ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 9.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയ കോള്‍മാന്‍ പിന്നീട് നല്ലകാലമായിരുന്നില്ല. ഉത്തേജക പരിശോധനയില്‍ ഹാജരാക്കാത്തതിനാല്‍ അമേരിക്കന്‍ സ്പ്രിന്ററിന് വിലക്ക് വന്നു. 2022 മേയ് വരെ ഈ വിലക്ക് തുടരും. കോള്‍മാനെ വിലക്കിയതോടെ മറ്റൊരു ചാമ്പ്യനെ ലോകം കാത്തിരിക്കുകയാണ്.

അമേരിക്കന്‍ കരുത്ത്

സമീപകാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ അമേരിക്കയിലേക്ക് തന്നെ സ്വര്‍ണമെഡല്‍ തിരിച്ചെത്തുമെന്നാണ് വിലയിരുത്തലുകള്‍. ടോക്യോയില്‍ സ്വര്‍ണ സാധ്യത ഏറ്റവും കൂടുതല്‍ ട്രയ്വന്‍ ബ്രോമലിനാണ്. 26-കാരനായ ബ്രോമല്‍ 9.77 സെക്കന്‍ഡില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.  ഈ വര്‍ഷം ജൂണില്‍ അമേരിക്കയിലെ ഫ്ളോറിഡയില്‍ വെച്ചായിരുന്നു ബ്രോമലിന്റെ പ്രകടനം. 18-ാം വയസ്സില്‍ പത്ത് സെക്കന്‍ഡില്‍  താഴെ 100 മീറ്റര്‍ ഫിനിഷ് ചെയതെന്ന റെക്കോഡും താരത്തിനുണ്ട്.
മറ്റൊരു താരം ഫ്രെഡ് കേര്‍ലിയാണ്. മുമ്പ് 400 മീറ്ററിലും റിലേയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന  കേര്‍ലി ഈ വര്‍ഷം മുതലാണ് 100, 200 മീറ്ററുകളിലേക്കെത്തിയത്. അമേരിക്കയുടെ ഒളിമ്പിക് ട്രയല്‍സില്‍ 9.86 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്ത കെര്‍ലി 200 മീറ്ററും 20 സെക്കന്‍ഡിന് താഴെ പൂര്‍ത്തിയാക്കി. ടോക്യോയിലെത്തുന്നവരുടെ ഈ വര്‍ഷത്തെ പ്രകടനം പരിഗണിച്ചാല്‍ കെര്‍ലിക്ക് മെഡല്‍ സാധ്യത ഏറെ.

Trayvon Bromell
ട്രയ്വന്‍ ബ്രോമല്‍

ആഫ്രിക്കന്‍ ഭീഷണി

അമേരിക്കന്‍ താരങ്ങളുടെ സ്വപ്നങ്ങള്‍ക്ക്  ഭീഷണി ആഫ്രിക്കന്‍ താരങ്ങളില്‍ നിന്നാണ്. ഘാനയുടെ ബെഞ്ചമിന്‍ അസമറ്റി ക്വാകുവും ദക്ഷിണാഫ്രിക്കയുടെ അകാനി സിമ്പിനും സ്വര്‍ണത്തിലേക്ക് കുതിക്കാന്‍ സാധ്യതയേറെ. 23-കാരനായ ബെഞ്ചമിന്‍ ഈ വര്‍ഷം 9.97 സെക്കന്‍ഡില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഫ്രിക്കന്‍ ഗെയിംസിലും ബെഞ്ചമിനായിരുന്നു സ്വര്‍ണം.
അകാനി സിമ്പിനും മോശക്കാരനല്ല. കഴിഞ്ഞ ജൂലായിലാണ് സിമ്പിന്‍ ആഫ്രിക്കയിലെ വേഗതാരമെന്ന റെക്കോഡ് സ്വന്തമാക്കിയാത്. 9.84 സെക്കന്‍ഡിനുള്ളില്‍ ദക്ഷിണാഫ്രിക്കന്‍ താരം പൂര്‍ത്തിയാക്കി. റിയോയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിമ്പിന് തിരിച്ചുവരവിനുള്ള അവസരം കൂടിയാണിത്.

ചൈനയും വരുന്നു

അത്ലറ്റിക്സില്‍ ചൈനയ്ക്ക് സാധാരണ പ്രതീക്ഷയുണ്ടാവാറില്ല. പ്രത്യേകിച്ച് സ്പ്രിന്റ് ഇനങ്ങളില്‍. എന്നാല്‍, ഇത്തവണ സ്പ്രിന്റിലും അവര്‍ സ്വപ്നം കാണുന്നു. സു ബിങ്ടിയന്‍ എന്ന 31 കാരനിലാണ് അവരുടെ പ്രതീക്ഷ. 9.91 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തിട്ടുളള ബിങ്ടിയന്‍ ഏഷ്യന്‍ റെക്കോഡിനും ഉടമയാണ്.  ഈ വര്‍ഷം 9.98 ഫിനിഷ് ചെയതത് താരത്തിന്റെ സാധ്യതകളെ വര്‍ധിപ്പിക്കുന്നു. കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സും ഓസ്ട്രേലിയയുടെ രോഹന്‍ ബ്രൗണിങ്ങും സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റുതാരങ്ങളാണ്. അമേരിക്കന്‍ ട്രയല്‍സില്‍ മൂന്നാമതെത്തിയ റോണി ബേക്കറിനെയും ബ്രിട്ടന്റെ സാര്‍ണല്‍ ഹ്യൂഗ്സിനെയും അവഗണിക്കാനാവില്ല. 

Content highlights : tokyo olympics 2020 men's 100 meter  world champion after usain bolt