ലോകത്തുള്ള ഏതൊരു കായിക താരത്തിന്റെയും സ്വപ്‌ന വേദിയാണ് ഒളിമ്പിക്‌സ്. ആ വേദിയില്‍ ഒന്ന് പങ്കെടുക്കാനെങ്കിലും സാധിച്ചെങ്കിലെന്ന് കരുതാത്ത താരങ്ങളുണ്ടോ. 

എന്നാല്‍ ഒളിമ്പിക്‌സിന്റെ ആനന്ദത്തിലും തന്റെ മകനെ മുലയൂട്ടാന്‍ സാധിക്കാതെ പോകുന്നതിന്റെ വിഷമത്തില്‍ വിങ്ങുന്ന ഒരമ്മമനസുണ്ട് ടോക്യോയിലെ ഒളിമ്പിക്‌സ് വില്ലേജില്‍.

സ്പാനിഷ് നീന്തല്‍ താരം ഓന കാര്‍ബോണെല്‍. മുലയൂട്ടുന്ന പ്രായമുള്ള തന്റെ മകനെ ഒളിമ്പിക്‌സിന് ഒപ്പം കൂട്ടാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാണ് അവര്‍. 

കോവിഡ് ഭീതിയെ തുടര്‍ന്നുള്ള ജപ്പാനിലെ കടുത്ത നിയന്ത്രണങ്ങള്‍ തന്നെയാണ് ഓനയുടെ വിഷമത്തിന് കാരണം. 

കുഞ്ഞുങ്ങളായതിന് ശേഷവും അവരുടെ കാര്യങ്ങള്‍ക്ക് ഒരു കോട്ടവും തട്ടാതെ കായിക രംഗത്തേക്ക് മടങ്ങിയെത്തുകയും വീണ്ടും നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത നിരവധി കായിക താരങ്ങളുണ്ട് ലോകത്ത്. ടെന്നീസ് താരങ്ങളായ മാര്‍ഗരറ്റ് കോര്‍ട്ട്, കിം ക്ലിസ്‌റ്റേഴ്‌സ്, സെറീന വില്യംസ്, ഇന്ത്യയുടെ സാനിയ മിര്‍സ, അത്‌ലറ്റുകളായ ഷെല്ലി ആന്‍ ഫ്രേസര്‍, അല്ലിസണ്‍ ഫെലിക്‌സ് ഇന്ത്യയുടെ മേരി കോം തുടങ്ങി നിരവധി ഉദാഹരണങ്ങള്‍. 

എന്നാല്‍ കോവിഡിന്റെ കടുത്ത നിയന്ത്രണങ്ങളാണ് ഓനയ്ക്ക് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒരു വയസില്‍ താഴെമാത്രമാണ് ഓനയുടെ മകന്‍ കായ്ക്ക് പ്രായം. ഭര്‍ത്താവിനെയും കുഞ്ഞിനെയും കൂട്ടി ഒളിമ്പിക്‌സിനെത്തിയാല്‍ ഓനയ്ക്ക് പ്രത്യേക ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈനില്‍ കഴിയേണ്ടതായി വരും. 20 ദിവസത്തോളം പുറത്തിറങ്ങാനും സാധിക്കില്ല. ഇത് പരിശീലനത്തെയും മറ്റും ബാധിക്കുകയും ചെയ്യും. ഒടുവില്‍ മനസില്ലാമനസോടെ മകനെ വിട്ട് ഓനയ്ക്ക് ഒറ്റയ്ക്ക് ജപ്പാനിലേക്ക് വരേണ്ടി വന്നു. 

''പകല്‍ സമയത്ത് കായ്ക്ക് മുലപ്പാല്‍ ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍ ഒളിമ്പിക്‌സ് വില്ലേജ് വിട്ട് ടീമിന്റെ ബയോ ബബിളില്‍ നിന്ന് പുറത്തുവരേണ്ടതായി വരും. ഇത് എന്റെയും ടീമിന്റെയും ആരോഗ്യം അപകടത്തിലാക്കും. ഇതോടെ എനിക്ക് കടുത്ത തീരുമാനം തന്നെ എടുക്കേണ്ടി വന്നു. കാരണം ജാപ്പനീസ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കിടയില്‍ കായിക പ്രകടനവും കുടുംബത്തെയും ഒന്നിച്ച് കൊണ്ടുപോകാന്‍ എനിക്ക് സാധിക്കില്ല.'' - ഓന പറഞ്ഞു.

''മറ്റ് കായികതാരങ്ങള്‍ക്ക് ഈ അവസ്ഥകളുമായി പൊരുത്തപ്പെടാനും അവരുടെ കുട്ടികളെ അവരോടൊപ്പം കൊണ്ടുപോകാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വ്യക്തിപരമായി എനിക്ക് ഈ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ സാധാരണ നിലയിലായിരിക്കില്ല. 20 ദിവസത്തേക്ക് എനിക്ക് ഇനി ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കേണ്ടതായി വരും. ഞാന്‍ മുലയൂട്ടാന്‍ ആഗ്രഹിക്കുന്നു. അത് എനിക്ക് വളരെ പ്രധാനമാണ്.'' - അവര്‍ കൂട്ടിച്ചേര്‍ത്തു. 

കായിക താരങ്ങള്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം ഒളിമ്പിക്‌സിനെത്താന്‍ സാധിക്കില്ലെന്നും കായിയെ ഒപ്പം കൂട്ടാനാകില്ലെന്നും അധികൃതര്‍ ഓനയെ നേരത്തെ അറിയിച്ചതാണ്. ഇതോടെ ഒളിമ്പിക്‌സ് വേണോ മകനെ നോക്കണോ എന്ന വിഷമത്തില്‍പ്പെട്ട ഓന തന്റെ കോച്ചിന്റെ സഹായത്തോടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചു. 

രണ്ടാഴ്ച മുമ്പാണ് അതിന് മറുപടി വന്നത്. ഓനയ്ക്ക് മകനെ കൊണ്ടുവരാം, പക്ഷേ ജാപ്പനീസ് സര്‍ക്കാര്‍ നിശ്ചയിച്ച ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രം. ഇതോടെ താരത്തിന്റെ പ്രതീക്ഷ അവസാനിച്ചു.

അതേസമയം വ്യക്തിഗത വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഒളിമ്പിക് സംഘാടകര്‍ അത്‌ലറ്റുകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ട പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ഒപ്പം കൊണ്ടുവരാന്‍ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.

Content Highlights: tokyo 2020 Spanish swimmer disappointed that she cannot take her breastfeeding son