പ്രധാന ടൂര്‍ണമെന്റുകളില്‍ വെള്ളിയില്‍ മയങ്ങിവീഴുന്നയാളെന്ന പേരാണ് കുറച്ചുകാലം മുമ്പുവരെ ഇന്ത്യയുടെ പി.വി സിന്ധുവിന് ഉണ്ടായിരുന്നത്. 2019 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് സിന്ധു അതിനൊരു മാറ്റം കുറിച്ചത്. അന്ന് ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നായിരുന്നു സിന്ധുവിന്റെ സ്വര്‍ണ നേട്ടം.

രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ടോക്യോയില്‍ ഒളിമ്പിക്‌സിന് കളമൊരുങ്ങിയപ്പോള്‍ രാജ്യം സിന്ധു സ്വര്‍ണവുമായി മടങ്ങിവരുമെന്ന് ഉറച്ച് വിശ്വസിച്ചു. അഞ്ചു വര്‍ഷം മുമ്പ് റിയോയിലെ വെള്ളിത്തിളക്കം ഇത്തവണ സ്വര്‍ണത്തിളക്കമാകുമെന്ന് എല്ലാവരും കരുതി. എന്നാല്‍ സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങിനോട് സിന്ധുവിന് കാലിടറി. 

എങ്കിലും ടോക്യോയില്‍ ഇന്ത്യയ്ക്കായി ഒരു മെഡല്‍ നേടി അഭിമാനം കാക്കാന്‍ സിന്ധുവിനായിരിക്കുന്നു. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ചൈനയുടെ ഹെ ബിങ് ജിയാവോയെ തകര്‍ത്താണ് സിന്ധു തന്റെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡല്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് റിയോയില്‍ ഒരു മെഡല്‍ പോലും നേടാനാകാതെ ഇരുട്ടില്‍ തപ്പുകയായിരുന്ന ഇന്ത്യയെ പ്രകാശത്തിലേക്ക് നയിക്കാനുള്ള നിയോഗമുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് ഇത്തവണയും നാടിന്റെ അഭിമാനമുയര്‍ത്താനായിരിക്കുന്നു.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടത്തിനൊപ്പം ഇപ്പോള്‍ ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും സിന്ധുവിന് സ്വന്തം.

Content Highlights: Tokyo 2020 PV Sindhu Wins Badminton Bronze Medal for india