കോവിഡ് കാരണം ഒളിമ്പിക്‌സ് നീട്ടിവെക്കേണ്ടിവന്നത് ഒരുതരത്തില്‍ സിന്ധുവിന് തുണയാവുകയായിരുന്നു. പ്രതിരോധത്തിലെ ചില വീഴ്ചകള്‍ പരിഹരിക്കാന്‍ കൊറിയക്കാരനായ പരിശീലകന്‍ പാര്‍ക് തേ സങ് ഈ സമയം സിന്ധുവിനെ സഹായിച്ചു. 

നെറ്റിനോട് ചേര്‍ന്നുവരുന്ന ഡ്രോപ് ഷോട്ടുകള്‍ എടുക്കുന്നതിലും ക്രോസ് കോര്‍ട്ട് ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും പ്രത്യേക പരിശീലനമുണ്ടായിരുന്നു. ക്വാര്‍ട്ടറില്‍ ജപ്പാന്‍കാരിയായ യാമഗുച്ചിയെ നേരിടുമ്പോള്‍ ഒഴിഞ്ഞ ഗാലറി സിന്ധുവിന് അനുഗ്രഹമായി. നാട്ടുകാരുടെ കൈയടികളുടെ പിന്തുണയുണ്ടായിരുന്നെങ്കില്‍ യാമഗുച്ചി കുറെക്കൂടി അപകടകാരിയാവുമായിരുന്നു.

ചിട്ടയായ പരിശീലനം

2019 ലോകചാമ്പ്യന്‍ഷിപ്പ് ജയിക്കാന്‍ സഹായിച്ച കൊറിയക്കാരി പരിശീലക കിം ജി ഹ്യുന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഒന്നരവര്‍ഷംമുമ്പ് മടങ്ങിയപ്പോള്‍ സിന്ധുവിന് പുതിയ പരിശീലകനെ ആവശ്യമായിവന്നു. അങ്ങനെയാണ്, 2019-ല്‍ ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിക്കാനെത്തിയ പാര്‍ക് തേ സങ് സിന്ധുവിനൊപ്പം ചേര്‍ന്നത്. 2013 മുതല്‍ 2018 വരെ കൊറിയന്‍ ടീമിന്റെ പരിശീലകനായിരുന്നു പാര്‍ക്. എന്നിട്ടും, കോവിഡ് കാലത്തിനിടെ പുനരാരംഭിച്ച ടൂര്‍ണമെന്റുകളില്‍ പലതിലും സിന്ധുവിന്റെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. ഓള്‍ ഇംഗ്ലണ്ട് സെമിയിലടക്കം തോറ്റു. ഒളിമ്പിക്‌സിന്റെ നീട്ടിക്കിട്ടിയ സമയം ഇവിടെയാണ് സിന്ധുവിനും പാര്‍ക്കിനും അനുഗ്രഹമായത്.

ആക്രമണമാണ് സിന്ധുവിന്റെ മുഖമുദ്ര. അത് പാര്‍ക്കിനും നന്നായറിയാം. പ്രതിരോധത്തിലെ വിള്ളലായിരുന്നു പോരായ്മ. ഇത് പലപ്പോഴും സിന്ധുവിന്റെ ആക്രമണ ശൈലിയെക്കൂടി ബാധിച്ചുതുടങ്ങി. ഇതുകൂടി കണ്ടാണ് ടോക്യോയ്ക്കായി സിന്ധുവിനെ തയ്യാറാക്കാന്‍ പാര്‍ക്ക് തന്ത്രങ്ങള്‍ മെനഞ്ഞത്.

ഒളിമ്പിക്‌സിന് ഏറെ മുമ്പുതന്നെ, ചൈനീസ് തായ്പേയിയുടെ തായ് സു യിങ് ആയിരിക്കും സിന്ധുവിന്റെ മുഖ്യ എതിരാളിയെന്ന് പാര്‍ക് പറഞ്ഞത് കൃത്യമായി. സെമിഫൈനലില്‍ തായ് സുവിനു മുന്നില്‍ സിന്ധു വീണു. സാങ്കേതിക വൈദഗ്ധ്യമാണ് തായ് സുവിനെ തുണച്ചത്.

ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു സിന്ധുവിന്റെ ഒളിമ്പിക്‌സ് ഒരുക്കങ്ങള്‍. അവിടെ സുചിത്ര അക്കാദമിയിലെ ആണ്‍കുട്ടികള്‍ക്കെതിരേ കളിച്ചാണ് ഒരുങ്ങിയത്. ഒരേസമയം മൂന്നുപേരോടുവരെ മത്സരിച്ച് പരിശീലിച്ചു. സിന്ധുവിനെതിരേ രണ്ടുപേരെ പിന്‍ കോര്‍ട്ടിലും ഒരാളെ മുന്‍ കോര്‍ട്ടിലും നിര്‍ത്തിയായിരുന്നു പാര്‍ക്കിന്റെ പരീക്ഷണതന്ത്രങ്ങള്‍. ഇത് കായികക്ഷമത കൂട്ടാന്‍ സഹായിച്ചു.

ഗോപിചന്ദിന്റെ ശിഷ്യ

മുന്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനും ഗോപിചന്ദ് അക്കാദമിയുടെ സ്ഥാപകനുമായ പുല്ലേല ഗോപിചന്ദും അദ്ദേഹത്തിന്റെ അക്കാദമിയുമാണ് സിന്ധുവെന്ന താരത്തെ മിനുക്കിയെടുത്തത്. റിയോ ഒളിമ്പിക്‌സിലെ നേട്ടംവരെ ഗോപിചന്ദ് സിന്ധുവിനൊപ്പമുണ്ടായിരുന്നു. എന്നാല്‍, ദേശീയ പരിശീലകന്‍ കൂടിയായ ഗോപിചന്ദിന് സിന്ധുവിന് വേണ്ടത്ര ശ്രദ്ധനല്‍കാന്‍ കഴിയുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് ഇരുവരും വഴിപിരിഞ്ഞു. അതിനുശേഷം മൂന്നാം പരിശീലകന്റെ കീഴിലാണ് ഇപ്പോള്‍.

വിവാദം, ഒഴിഞ്ഞുമാറല്‍

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കുറച്ചുദിവസത്തേക്ക് ലണ്ടനിലേക്ക് പറന്ന സിന്ധു വിവാദങ്ങളില്‍ അകപ്പെട്ടു. ദേശീയ ക്യാമ്പില്‍ വേണ്ടത്ര ശ്രദ്ധകിട്ടാത്തതുകൊണ്ടും തന്റെ കുടുംബവുമായുള്ള ചില അഭിപ്രായവ്യത്യാസം കാരണവുമാണ് ഇതെന്ന് വാര്‍ത്തപരന്നു. എന്നാല്‍, എല്ലാം സിന്ധു നിഷേധിച്ചു. മാത്രമല്ല, ഗോപിചന്ദിനെതിരായ തന്റെ അച്ഛന്‍ രമണയുടെ ആരോപണങ്ങളും സിന്ധു തള്ളി. താനും ഗോപിചന്ദുമായി ഒരു പ്രശ്‌നവുമില്ലെന്ന് സിന്ധു പറഞ്ഞു.

Content Highlights: Tokyo 2020 PV Sindhu the story behind bronze medal win