പുസരല വെങ്കട സിന്ധു ഒരിക്കല്‍ കൂടി 130 കോടിയിലേറെ വരുന്ന ഒരു ജനതയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. അഞ്ചു വര്‍ഷം മുമ്പ് റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ താരം ഇത്തവണ ടോക്യോയില്‍ വെങ്കലവും കഴുത്തിലണിഞ്ഞിരിക്കുന്നു. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം. 

പ്രകാശ് പദുക്കോണിനും ഗോപിചന്ദിനും സൈന നേവാളിനുമൊന്നും കൈയെത്തിപ്പിടിക്കാാനാവാതെ പോയ സ്വപ്നതുല്ല്യമായ നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഏക ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായ സിന്ധു ടോക്യോയില്‍ മറ്റൊരു ചരിത്രം കൂടി സ്വന്തമാക്കിയിരിക്കുന്നു.

വോളിബോളിന്റെ ഇടിമുഴക്കം നിറഞ്ഞുനിന്ന വീട്ടില്‍ ജനിച്ചിട്ടും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ചരിത്രമെഴുതാനായിരുന്നു സിന്ധുവിന്റെ നിയോഗം. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് ഈ 26-കാരി. 

വെങ്കിട്ട രമണയും വിജയയും പ്രണയത്തിലാവുന്നതും വോളി കോര്‍ട്ടില്‍ വെച്ചായിരുന്നു. കായികതാരങ്ങളായ അച്ഛനമ്മമാരുടെ പ്രേരണ ഒന്നു കൊണ്ടു മാത്രമാണ് താന്‍ സ്പോര്‍ട്സില്‍ എത്തിയതെന്ന് സിന്ധു ആണയിടുന്നു. പക്ഷെ, സിന്ധുവില്‍ ചെറുപ്പത്തിലേ കായികതാരത്തിനു വേണ്ട എല്ലാ സവിശേഷതകളും ഉണ്ടായിരുന്നുവെന്ന് രമണ പറയുന്നു. 

രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്റണ്‍ അഭ്യസിച്ചുതുടങ്ങിയത്. 'വൈകുന്നേരം വോളി കളിക്കാന്‍ ഞാന്‍ ഗ്രൗണ്ടില്‍ ചെല്ലും. അതു കണ്ടിരിക്കുമ്പോള്‍ സിന്ധു തനിയെ തൊട്ടടുത്തുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് നടന്നുകയറുകയായിരുന്നു. അവള്‍ സ്വയം തിരഞ്ഞെടുത്ത വഴി.' രമണ പറയുന്നു. പിന്നീട് ബ്രിട്ടനില്‍ താമസമാക്കിയ മലയാളിയായ പരിശീലകന്‍ ടോം ജോണ്‍ ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ ക്യാമ്പ് നടത്തിയപ്പോള്‍ സിന്ധുവിനെ അവിടെ ചേര്‍ത്തു. ടോമാണ് ഉറപ്പിച്ചുപറഞ്ഞത്, സിന്ധുവിന്റെ കരിയര്‍ ബാഡ്മിന്റനാണെന്നും നല്ല ഭാവിയുള്ള കുട്ടിയാണെന്നും. ഗോപീചന്ദിനെ പോലുള്ള വലിയ കളിക്കാരുടെ പോലും പരിശീലകനായ ടോം പറഞ്ഞതോടെ രമണയ്ക്ക് മറിച്ചൊന്നും ആലോചിക്കാനില്ലായിരുന്നു.

സിന്ധുവിനെ പൂര്‍ണമായും ബാഡ്മിന്റണിനായി വിട്ടുകൊടുത്തു. രമണയുടെ സുഹൃത്തു കൂടിയായ ഗോപീചന്ദാണ് സിന്ധുവിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. ''ഗോപിസാര്‍ പെട്ടെന്ന് നമ്മുടെ പിഴവുകള്‍ മനസ്സിലാക്കും. അതിലേറെ വേഗം അതു തിരുത്തിയും തരും. അദ്ദേഹത്തിന്റെ ടിപ്സുകള്‍ വിലമതിക്കാനാവാത്തതാണ്. ദിവസം മുഴുവന്‍ ബാഡ്മിന്റണ്‍ പരിശീലിക്കുന്ന രീതി അദ്ദേഹത്തിനൊപ്പമെത്തിയപ്പോഴാണ് ഞാന്‍ പഠിച്ചത്.'' - സിന്ധു ഒരിക്കല്‍ പറഞ്ഞു.

2019-ല്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ സിന്ധു 2017, 2018 വര്‍ഷങ്ങളില്‍ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. 2013, 2014 വര്‍ഷങ്ങളില്‍ വെങ്കലവും നേടിയ സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.

Content Highlights: tokyo 2020 PV Sindhu India s Bronze Medalist life story