ടോക്യോ: ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെക്കാളും ലോക ഒന്നാംനമ്പര്‍ പദവിയെക്കാളും മൂല്യമുള്ള പദവിയാണ് ജപ്പാന്‍ അവരുടെ വീരപുത്രിക്കായി കരുതിവെച്ചിരുന്നത്. ലോകത്തിന്റെ കായിക മാമാങ്കത്തിന് തിരിതെളിക്കാനുള്ള അസുലഭ അവസരം. 

ഇതോടെ ലോക കായികരംഗത്ത് ഒസാക്ക വീണ്ടും തിളങ്ങുന്ന നക്ഷത്രമായി. ദീപശിഖാ പ്രയാണത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ പങ്കാളികളായി. നിരവധി കോവിഡ് രോഗികളെ ചികിത്സിച്ച ഒരു ഡോക്ടറും നഴ്‌സും ഇവരില്‍ പെടുന്നു.

വര്‍ണവിവേചനത്തിനെതിരേ തുറന്നനിലപാടുകളുമായി കായികരംഗത്ത് നിറഞ്ഞുനിന്ന ഒസാക്കയുടെ കരിയര്‍ അടുത്തിടെ വിവാദങ്ങളുടെ പിടിയിലായിരുന്നു. മത്സരശേഷമുള്ള പത്രസമ്മേളനങ്ങളില്‍ പങ്കെടുക്കില്ലെന്ന തീരുമാനവും ഫ്രഞ്ച് ഓപ്പണിനിടെയുള്ള പിന്‍വാങ്ങലും അവരെ വിവാദനായികയാക്കി. താന്‍ വിഷാദത്തിന്റെ പിടിയിലാണെന്ന അവരുടെ തുറന്നുപറച്ചില്‍ ലോകം അനുഭാവപൂര്‍വം കേട്ടു. ഒസാക്കയ്ക്കു പിന്തുണയുമായി കായികതാരങ്ങള്‍ പലരുമെത്തി. ഫ്രഞ്ച് ഓപ്പണുപിന്നാലെ വിംബിള്‍ഡണില്‍നിന്നും അവര്‍ പിന്മാറി.

കരിയറിലെയും വ്യക്തിജീവിതത്തിലെയും ഈ പ്രതിസന്ധിക്കിടയില്‍ ജപ്പാന്‍ അവരുടെ പ്രിയപുത്രിയെ കൈപിടിച്ചുകയറ്റുന്നതാണ് ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനവേദിയില്‍ കണ്ടത്.

Content Highlights: Tokyo 2020 Naomi Osaka lights flame