'വിരഹാര്‍ത്തിയില്‍ വാടിയേകനായ് കരകാണാത്ത മഹാവനങ്ങളില്‍' എന്ന് കുമാരനാശാന്‍ എഴുതിയിട്ടുണ്ട്. വിഷാദമനസ്സിന്റെ സഞ്ചാരപാതകള്‍ ദുരൂഹമാണ്. വിഷാദം ആവേശിക്കുന്ന മനസ്സുകള്‍ എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കുക വയ്യാ. ഇക്കാര്യത്തില്‍ മാനുഷരെല്ലാരും ഒന്നുപോലെയാണ്. 

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന കായികതാരങ്ങളും ഇതില്‍പ്പെടും. ഒരുകാലത്ത് കടുത്ത വിഷാദം അനുഭവിച്ചിരുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ടീമിനങ്ങളില്‍ മത്സരിക്കുന്ന താരങ്ങളെക്കാള്‍ ഒറ്റയ്ക്ക് മത്സരിക്കുന്നവരെയാണ് വിഷാദം കൂടുതലും പിടികൂടുന്നത്. 

ടോക്യോ ഒളിമ്പിക്‌സില്‍നിന്ന് അമേരിക്കന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ് മാനികസമ്മര്‍ദത്തെത്തുടര്‍ന്ന് പിന്മാറിയതാണ് ഒടുവിലത്തെ ഉദാഹരണം. താന്‍ കുറച്ചുകാലമായി വിഷാദത്തിലായിരുന്നു എന്ന് തുറന്നുപറഞ്ഞ ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക അപ്രതീക്ഷിതമായി ഒളിമ്പിക്‌സില്‍നിന്ന് പുറത്തായതും ഇതേ ദിവസമാണ്.

വിഷാദം കീഴടക്കിയ ചില കായികതാരങ്ങളെ പരിചയപ്പെടാം.

തീവണ്ടിക്ക് തലവെച്ച എന്‍കെ

ജര്‍മന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ താരമായിരുന്നു റോബര്‍ട്ട് എന്‍കെ. ദേശീയ ടീമിനായി ഈ ഗോള്‍ കീപ്പര്‍ എട്ട് മത്സരം കളിച്ചു. ഒട്ടേറെ ക്ലബ്ബുകള്‍ക്കുവേണ്ടിയും വലകാത്തു. എന്നാല്‍, 32-ാം വയസ്സില്‍ അദ്ദേഹം തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യചെയ്തു. 2010 ലോകകപ്പില്‍ ജര്‍മനിയുടെ ഒന്നാം നമ്പര്‍ ഗോളിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയായിരുന്നു ആ ദാരുണമരണം. ആറുവര്‍ഷമായി തന്റെ ഭര്‍ത്താവ് വിഷാദരോഗിയായിരുന്നെന്നും ചികിത്സയിലായിരുന്നെന്നും അദ്ദേഹത്തിന്റെ ഭാര്യ പിന്നീട് പറഞ്ഞു.

സ്വയം മുറിവേല്‍പ്പിച്ച് കെല്ലി

2004 ഏതന്‍സ് ഒളിമ്പിക്‌സിലെ 800, 1500 മീറ്റര്‍ സ്വര്‍ണമെഡല്‍ ജേത്രിയാണ് ബ്രിട്ടീഷുകാരിയായ കെല്ലി ഹോംസ്. ഒളിമ്പിക്‌സിനായുള്ള പരിശീലനത്തിനിടെ 2003-ല്‍ അവര്‍ക്ക് പരിക്കേറ്റു. അതോടെ വിഷാദത്തിലായി. ദിവസവും അവര്‍ കത്രികകൊണ്ട് സ്വയം മുറിവേല്‍പ്പിക്കുമായിരുന്നു. ചോരവീഴുന്നതിന്റെ സംതൃപ്തി. എന്തായാലും ഇരട്ടസ്വര്‍ണംനേടി അവര്‍ വിഷാദത്തില്‍നിന്ന് തിരിച്ചുവന്നു.

ബാറ്റ് ചെയ്യാനാവാതെ ട്രെസ്‌കോത്തിക്

ഇംഗ്ലണ്ടിനുവേണ്ടി 76 ടെസ്റ്റുകളും 123 ഏകദിനങ്ങളും കളിച്ച ക്രിക്കറ്റ് താരമാണ് മാര്‍ക്കസ് ട്രെസ്‌കോത്തിക്. കരയറില്‍ കത്തിനില്‍ക്കെ 2006-ല്‍ അദ്ദേഹം വിഷാദത്തില്‍പ്പെട്ടു. ആ വര്‍ഷം ഫെബ്രുവരിയില്‍നടന്ന ഇന്ത്യന്‍ പര്യടനത്തിടെ നാട്ടിലേക്ക് മടങ്ങി. പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കിടയിലും അത് സംഭവിച്ചു. തന്നെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലേക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ടു. 2007-ല്‍ ട്വന്റി 20 ലോകകപ്പില്‍ ഉള്‍പ്പെടുത്തിയെങ്കിലും പിന്മാറി. ആ വര്‍ഷം വിരമിക്കുകയും ചെയ്തു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമായ ഗ്ലെന്‍ മാക്സ്വെല്ലും സമീപകാലത്ത് ഇങ്ങനെ കളിയില്‍നിന്ന് അവധിയെടുത്തിരുന്നു.

മനസ്സുതകര്‍ന്ന ബ്രൂണോ

ബ്രിട്ടന്റെ മുന്‍ പ്രൊഫഷണല്‍ ബോക്സറാണ് ഫ്രാങ്ക് ബ്രൂണോ. ഡബ്ല്യു.ബി.സി. ഹെവിവെയ്റ്റ് കിരീടം നേടി ലോകശ്രദ്ധ നേടിയ കാലം. എന്നാല്‍, 2003-ല്‍ അദ്ദേഹത്തെ മെന്റല്‍ഹെല്‍ത്ത് ആക്ട് പ്രകാരം പോലീസും മെഡിക്കല്‍ ടീമും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങളായി അദ്ദേഹം കടുത്ത വിഷാദത്തിലായിരുന്നു. ബൈപോളാര്‍ ഡിസോര്‍ഡറും കണ്ടെത്തി. കൊക്കെയ്നിലാണ് പിന്നീട് അദ്ദേഹം അഭയംതേടിയത്. എന്നാല്‍, പിന്നീട് അതില്‍നിന്നെല്ലാം മോചനംനേടി.

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച ഫെല്‍പ്സ്

28 മെഡലുമായി ഒളിമ്പിക്‌സിലെ എക്കാലത്തെയും നേട്ടത്തിനുടമയായ അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്സും ഒരുകാലത്ത് വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. ഓരോ ഒളിമ്പിക്‌സ് കഴിയുന്തോറും താന്‍ വിഷാദത്തിലേക്ക് കൂപ്പുകുത്തിയിരുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ആത്മഹത്യയെക്കുറിച്ച് പലവട്ടം ചിന്തിച്ചിട്ടുണ്ട്. പിന്നീട് കരകയറി.

വെള്ളത്തിലെ കരച്ചില്‍

'നിങ്ങള്‍ കരയുന്നത് കാണാനാവാത്ത വെള്ളത്തില്‍' എന്ന ഓര്‍മക്കുറിപ്പിലൂടെയാണ് നീന്തലില്‍ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ അമന്‍ഡ ബിയേര്‍ഡ് തന്റെ വിഷാദാനുഭവങ്ങള്‍ വിവരിക്കുന്നത്. ഒരുഘട്ടത്തില്‍ അവര്‍ സ്വയം മുറിവേല്‍പ്പിക്കുമായിരുന്നു. കടുത്ത മാനസികാവസ്ഥകളിലൂടെ കടന്നുപോയി. പിന്നീട് ലഹരിയിലും അഭയംതേടി.

ഷ്മിറ്റിന്റെ ആത്മഹത്യശ്രമം

ഒളിമ്പ്യന്‍ നീന്തല്‍താരം അലിസണ്‍ ഷ്മിറ്റ് തന്റെ വിഷാദാനുഭവങ്ങള്‍ ലോകത്തോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സയിലൂടെ രക്ഷപ്പെട്ട അവര്‍ ഇപ്പോള്‍ സ്‌കൂളുകളില്‍ ബോധവത്കരണം നടത്തുന്നു.

ദുഃഖസാന്ദ്രമായി സെറീന

ടെന്നീസ് ലോകംകണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അമേരിക്കയുടെ സെറീനാ വില്യംസ്. എന്നാല്‍, 2010-ല്‍ വിംബിള്‍ഡണ്‍ നേടിയശേഷം താന്‍ കടുത്ത വിഷാദം അനുഭവിച്ചെന്ന് അവര്‍ വ്യക്തമാക്കി. അക്കാലം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. എനിക്ക് ചുറ്റും ദുഃഖസാന്ദ്രമായിരുന്നു - സെറീന പറഞ്ഞു. മകള്‍ പിറന്നശേഷവും ഇതേ വിഷാദം സെറീനയെ പിടികൂടി.

Content Highlights: Tokyo 2020 mental health and sports contingent