താനും ദിവസങ്ങള്‍ക്കപ്പുറം മറ്റൊരു ഒളിമ്പിക്സിന് കൂടി ജപ്പാനിലെ ടോക്യോയില്‍ തിരിതെളിയുകയാണ്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന കായിക മാമാങ്കം കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും കോവിഡ് ഭീതിയില്‍ തന്നെയാണ് ഒളിമ്പിക്സ്.

പതിവു പോലെ ഇന്ത്യന്‍ സംഘവും പ്രതീക്ഷയിലാണ്. ഇത്തവണ കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കാനാകുമെന്നാണ് അവരുടെ വിശ്വാസം.

എന്നിരുന്നാലും ദേശീയ കായിക ഇനമായ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒരു ഒളിമ്പിക്സ് മെഡല്‍ കിട്ടിയിട്ട് നാല് ദശാബ്ദങ്ങള്‍ പിന്നിട്ടെന്ന വസ്തുത നിലനില്‍ക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 41 വര്‍ഷങ്ങള്‍.

1980-ലെ മോസ്‌കോ ഒളിമ്പിക്‌സിലെ സ്വര്‍ണനേട്ടത്തിനുശേഷം പിന്നീട് ഇക്കാലം വരെ ഒളിമ്പിക് ഹോക്കിയില്‍ ഒരു മെഡല്‍ ഇന്ത്യയ്ക്ക് കിട്ടാക്കനിയാണ്. ഇത്തവണ ആ കോട്ടം മായ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ പുരുഷ ടീമും റാണി രാംപാല്‍ നയിക്കുന്ന വനിതാ ടീമുനം ടോക്യോയിലേക്ക് വിമാനം കയറുന്നത്.

ഒളിമ്പിക് ഹോക്കിയില്‍ ഇതുവരെ ഇന്ത്യയ്ക്ക് 11 മെഡല്‍ നേട്ടമുണ്ട്. എട്ട് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെ.

1928 മുതല്‍ 1964 വരെ നടന്ന എട്ട് ഒളിമ്പിക്സുകളില്‍ ഏഴിലും ഹോക്കിയില്‍ സ്വര്‍ണം ഇന്ത്യയ്ക്കായിരുന്നു. 1968, 1972 ഒളിമ്പിക്സുകളില്‍ ഇന്ത്യന്‍ ടീം വെങ്കലം നേടുകയും ചെയ്തു.

ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ തിളങ്ങിയ ആ കാലഘട്ടം മേജര്‍ ധ്യാന്‍ചന്ദ് എന്ന ഇതിഹാസം ഇന്ത്യയ്ക്കായി ഹോക്കി സ്റ്റിക്ക് കൈയിലേന്തിയ കാലമായിരുന്നു.

1976-ലെ മോണ്ട്റിയല്‍ ഒളിമ്പിക്സിലായിരുന്നു അക്കാലത്തെ ഇന്ത്യയുടെ മോശം പ്രകടനം. അന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യന്‍ ടീം 1980-ല്‍ മോസ്‌കോയില്‍ സ്വര്‍ണ മെഡല്‍ നേട്ടത്തോടെയാണ് തിരിച്ചുവന്നത്. പക്ഷേ അതിനു ശേഷം ഒരു പോഡിയം ഫിനിഷ് പോലും ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല.

1928, 1932, 1936 ഒളിമ്പിക്സുകളില്‍ ഇന്ത്യ തുടര്‍ച്ചയായി ഹോക്കിയില്‍ സ്വര്‍ണം നേടിയപ്പോള്‍ ധ്യാന്‍ചന്ദ് എന്ന ഇതിഹാസം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. തുടര്‍ച്ചയായ മൂന്ന ഒളിമ്പിക്സുകളില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍ നേടിത്തന്ന താരം. ധ്യാന്‍ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്.

1932-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സില്‍ ഒരു ഹോക്കി മത്സരത്തിനിടെ നടന്ന സംഭവം പ്രശസ്തമാണ്. മൈതാനത്ത് ഇന്ത്യയും ആതിഥേയരായ അമേരിക്കയും ഏറ്റുമുട്ടുന്നു. കളിക്കളത്തില്‍ ചടുലമായ നീക്കങ്ങളുമായി കളംനിറഞ്ഞ് കളിക്കുന്ന ഇന്ത്യ യു.എസ് വലയിലേക്ക് ഗോള്‍ വര്‍ഷം നടത്തുകയാണ്. ഇതിനിടെ ഇന്ത്യന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന ഒരു താരത്തിന്റെ ഹോക്കി സ്റ്റിക്കിന്റെ കാര്യത്തില്‍ സംശയമുണ്ടെന്ന് ആരോപിച്ച് ഒരു അമേരിക്കന്‍ താരം ബഹളം തുടങ്ങി. ആ ഇന്ത്യന്‍ താരമാകട്ടെ ബഹളമുണ്ടാക്കിയ അമേരിക്കന്‍ താരത്തിന് തന്റെ ഹോക്കി സ്റ്റിക്ക് നല്‍കി പകരം അയാളുടെ സ്റ്റിക്കുമായി കളിതുടര്‍ന്നു. എന്നിട്ടും ഗോളുകള്‍ വീഴുന്നതിനും ഇന്ത്യയുടെ മുന്നേറ്റത്തിനും യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. മത്സരം അവസാനിച്ചപ്പോള്‍ ഗോള്‍നില ഇങ്ങനെ - ഇന്ത്യ-24, അമേരിക്ക-1.

അന്ന് എട്ടു ഗോളുകളോടെ അമേരിക്കന്‍ കാണികളെ തന്റെ ഹോക്കി സ്റ്റിക്കിലെ മാന്ത്രികത കൊണ്ട് അതിശയിപ്പിച്ചത് മറ്റാരുമായിരുന്നില്ല സാക്ഷാല്‍ ധ്യാന്‍ചന്ദ്, ഇന്ത്യയുടെ ഹോക്കി മാന്ത്രികന്‍.

ഇത്തവണ ആരാകും ഇന്ത്യയുടെ ധ്യാന്‍ചന്ദ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഇത്തവണ ഒളിമ്പിക്‌സിനായി മികച്ച തയ്യാറെടുപ്പാണ് ഇന്ത്യന്‍ ടീം നടത്തിയത്. യൂറോപ്പിലും അര്‍ജന്റീനയയിലും ടീം പരിശീലനം നടത്തി. ജര്‍മനി, ബ്രിട്ടന്‍, അര്‍ജന്റീന ടീമുകള്‍ക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിന് സാധിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷത്തോളം ബെംഗളൂരുവിലെ സായ് സെന്ററിലായിരുന്നു ടീം ഒന്നിച്ച് ഉണ്ടായിരുന്നത്. 

കഴിഞ്ഞ നാലു വര്‍ഷമായി ടീം മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. റിയോയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശേഷം കഠിന പരിശീലനത്തിലായിരുന്നു അവര്‍. 

ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. 10 വര്‍ഷം മുമ്പ് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയ മന്‍പ്രീതിന്റെ നേതൃത്വത്തിലാണ് ഇന്ത്യ 2018 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത്. 2017-ലെ ഏഷ്യാ കപ്പും ടീം നേടി. 2018-ല്‍ ഭുവനേശ്വറില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും ടീമിനായി. 

നിലവില്‍ ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ ടീമിന്റെ ഒൡമ്പിക് ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത് ജൂലായ് 24-ന് ന്യൂസീലന്‍ഡിനെതിരായ മത്സരത്തോടെയാണ്. പൂള്‍ എയില്‍ ഓസ്ട്രേലിയ, അര്‍ജന്റീന, സ്‌പെയിന്‍, ന്യൂസീലന്‍ഡ്, ജപ്പാന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ.

Content Highlights: Tokyo 2020 Indian hockey teams look to end 41-year-old medal drought