ത്തവണ ഇന്ത്യന്‍ സംഘം ടോക്യോയിലേക്ക് വിമാനം കയറുമ്പോള്‍ തോക്കുമായി പോയവരിലാണ് നാം മെഡല്‍ പ്രതീക്ഷ ഏറ്റവും കൂടുതല്‍ വെച്ചുപുലര്‍ത്തിയത്. എന്നാല്‍ ഒളിമ്പിക്‌സ് അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത് ഇന്ത്യയുടെ ഷൂട്ടിങ് സംഘമായിരുന്നു. 

ഇതിനിടെ ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി വീണുകിട്ടിയ പേരാണ് അദിതി അശോകിന്റേത്. ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യക്കാരെ ഗോള്‍ഫിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച താരം. 

വെള്ളിയാഴ്ച മൂന്നു റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു അദിതി. പക്ഷേ ശനിയാഴ്ച നാലു റൗണ്ട് മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ തലനാരിഴയ്ക്കാണ് അദിതിക്കും ഇന്ത്യയ്ക്കും ഗോള്‍ഫില്‍ ചരിത്രത്തിലെ ആദ്യത്തെ ഒളിമ്പിക് മെഡല്‍ നഷ്ടമായത്.

ഇന്നും ഇന്നലെയുമൊന്നുമല്ല ആറാം വയസില്‍ 'ഗോള്‍ഫ് ക്ലബ്ബ്' കൈയിലെടുത്തതാണ് അദിതി. പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ താരം ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം മത്സരിക്കാന്‍ തുടങ്ങി. 11-12 വയസുവരെ അദിതി ആണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു മത്സരിച്ചിരുന്നത്. കാരണം പെണ്‍കുട്ടികളുടെ ടൂര്‍ണമെന്റുകളില്‍ അവള്‍ അനായാസം വിജയങ്ങള്‍ സ്വന്തമാക്കുമായിരുന്നു. 

2015-ലെ സെന്റ് റൂള്‍ ട്രോഫി ജയത്തോടെയാണ് അദിതി ശ്രദ്ധ നേടുന്നത്. 2016-ല്‍ പ്രോ താരമായി ഉയര്‍ന്നു. പിന്നീട് ലേഡീസ് യൂറോപ്യന്‍ ടൂറിലും (എല്‍.ഇ.ടി) അദിതി മത്സരിച്ചു. വൈകാതെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിലും അവള്‍ ഇടംനേടി.

അഞ്ചു വര്‍ഷം മുമ്പ് 18-ാം വയസില്‍ റിയോയില്‍ അദിതി ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങി. അന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് അദിതി റിയോയില്‍ നിന്ന് മടങ്ങിയത്. റിയോയില്‍ 60 ഗോള്‍ഫ് താരങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ 41-ാം സ്ഥാനമായിരുന്നു അദിതിക്ക്. അഞ്ചു വര്‍ങ്ങള്‍ക്കിപ്പുറം ആ സ്ഥാനം നാലായി ഉയര്‍ന്നിരിക്കുന്നു.

ഇത്തവണ നാലു റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -15 പാര്‍ പോയന്റുമായി അദിതി നാലാം സ്ഥാനത്തായി. 269 സ്‌ട്രോക്കുകളാണ് നാലു റൗണ്ടുകളിലുമായി താരത്തിന് വേണ്ടിവന്നത്. സ്വര്‍ണം നേടിയ അമേരിക്കയുടെ നെല്ലി കോര്‍ഡയേക്കാള്‍ വെറും രണ്ട് സ്‌ട്രോക്ക് മാത്രം പിന്നില്‍.

റിയോയില്‍ അച്ഛന്‍ ഗുഡ്‌ലമണി അശോകായിരുന്നു അദിതിയുടെ കാഡിയായി (caddie) കൂടെയുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ടോക്യോയില്‍ അവള്‍ക്കൊപ്പമുണ്ടായിരുന്നത് അമ്മ മഹേശ്വരിയായിരുന്നു. 

ഇക്കഴിഞ്ഞ മേയില്‍ കോവിഡ് ബാധിതയായ അദിതിക്ക് തിരിച്ചുവരവ് കടുപ്പമായിരുന്നു. ഇപ്പോഴും ശരീരം പൂര്‍ണമായും പഴയ കരുത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് ഈ ബെംഗളൂരു സ്വദേശി പറയുന്നു. ഇതിനാല്‍ തന്നെ തന്റെ സ്‌ട്രോക്കുകളുടെ ദൂരം 15 മീറ്ററോളം കുറഞ്ഞുവെന്നും ഈ 23-കാരി ചൂണ്ടിക്കാട്ടി. ഈ തിരിച്ചടികള്‍ക്കിടയിലും ഇന്ത്യക്കാര്‍ക്കിടയില്‍ ഗോള്‍ഫ് മത്സരം ഒരു ചര്‍ച്ചയാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അദിതി.

Content Highlights: Tokyo 2020 India salutes golfer Aditi Ashok