കുട്ടിക്കാലത്ത് കൂട്ടുകാരെല്ലാം ഞായറാഴ്ച അവധിയാഘോഷിക്കുമ്പോള്‍ കുതിരസവാരിയുടെ ലോകത്തായിരുന്നു ഫവാദ് എന്ന കുട്ടി. ഇപ്പോള്‍ ജര്‍മനിയില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വപ്നങ്ങളുമായി തീവ്ര പരിശീലനത്തില്‍ കഴിയുമ്പോഴും ഫവാദ് മിര്‍സയ്ക്ക് ഞായറാഴ്ചകളില്ല. മിക്ക താരങ്ങളും ഞായറാഴ്ച അവധിദിനമാക്കുമ്പോള്‍ അതുപോലും ഒഴിവാക്കി ഫവാദ് പരിശീലനം തുടരും. ആ അവധികള്‍ ഒഴിവാക്കിയതിന്റെ വിലയായി 20 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്‌സ് കുതിരയോട്ടമത്സരത്തിനെത്തുന്നു മൈസൂരു സ്വദേശിയായ ഫവാദ്.

സിഡ്നി ഒളിമ്പിക്‌സില്‍ ഇംതിയാസ് അനീസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരിച്ച ശേഷം ഇതാദ്യമായാണ് ഇന്ത്യക്കാരന്‍ ഒളിമ്പിക്‌സ് കുതിരയോട്ടത്തിനെത്തുന്നത്. ആറ് യോഗ്യതാ മത്സരങ്ങളില്‍ 64 പോയന്റുമായി ഒളിമ്പിക്‌സ് യോഗ്യത ഉറപ്പിച്ചു. പുതിയ റാങ്കിങ് പ്രകാരം ദക്ഷിണ പൂര്‍വ ഏഷ്യയിലും ഓഷ്യാനിയയിലും ഫവാദ് ഒന്നാമനാണ്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഫവാദിലൂടെ ഇന്ത്യ വെള്ളി നേടുമ്പോള്‍ കുതിരയോട്ടത്തില്‍ 36 വര്‍ഷത്തിനുശേഷമുള്ള മെഡലായിരുന്നു.

ഫവാദ് മിര്‍സയുടെ പിതാവ് ഹസ്നെയ്ന്‍ മിര്‍സയുടെ മുതുമുത്തച്ഛന്‍ മിര്‍സ 1824-ല്‍ ഇറാനില്‍നിന്നാണ് ഇന്ത്യയിലെത്തി താമസം തുടങ്ങുന്നത്. അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കുതിരകളെ കൊണ്ടുവന്ന മിര്‍സയുടെ കുതിരസ്‌നേഹം തലമുറകളിലേക്കും പകര്‍ന്നുകൊണ്ടിരുന്നു. ഹസ്നെയ്ന്‍ മിര്‍സയുടെ മുത്തച്ഛന്‍ കുതിര സവാരിക്കാരനും പരിശീലകനുമായിരുന്നു. ഹസ്നെയിന്റെ പിതാവ് കുതിരയോട്ടക്കാരനായതിനൊപ്പം രാഷ്ട്രപതിയുടെ സുരക്ഷാ സേനയിലുമുണ്ടായിരുന്നു. ഇന്ത്യക്കായി പോളോ മത്സരം കളിച്ചിട്ടുള്ള മുത്തച്ഛനാണ് തന്നെ കൂടുതല്‍ സ്വാധീനിച്ചതെന്ന് ഫവാദ് പറയുന്നു.

അഞ്ചാം വയസ്സ് മുതല്‍ കുതിരകളുടെ ലോകത്തായിരുന്നു ഫവാദിന്റെ സഞ്ചാരം. അഞ്ച് വയസ്സുകാരന്‍ ഫവാദ് മനോഹരമായി കുതിരയോടിക്കുമ്പോള്‍ അവന്റെ പിതാവിന് പക്ഷേ, അതിലൊട്ടും അദ്ഭുതമുണ്ടായിരുന്നില്ല. മകന്റെ കുതിരസ്‌നേഹം നന്നായി അറിയാവുന്ന ഹസ്നെയ്ന്‍ ഫവാദിന് വേണ്ടതെല്ലാം ഒരുക്കിക്കൊടുത്തു. സ്‌കൂളില്‍ പഠിക്കുന്ന സമയത്തുതന്നെ കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുത്ത് ഫവാദ് വിജയിയായി. ഇപ്പോഴും ദിവസവും പത്ത് മണിക്കൂറെങ്കിലും ഫവാദ് കുതിരകളോടൊപ്പം കഴിയുന്നു.

നേരത്തേ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ജര്‍മന്‍ താരം സാന്ദ്ര ഓഫര്‍ത്തിന്റെ കീഴിലാണ് ഫവാദ് ടോക്യോ ഒളിമ്പിക്‌സിനായി ഒരുങ്ങുന്നത്. ജര്‍മനിയിലായിരുന്നു പരിശീലനം. മിക്കി എന്ന് വിളിക്കുന്ന സെയ്നോര്‍ മെഡിക്കോട്ട് എന്ന കുതിരയുമായിട്ടാകും ഫവാദ് ഒളിമ്പിക്‌സില്‍ മത്സരിക്കുക. ഏഷ്യന്‍ ഗെയിംസില്‍ മിക്കിക്കൊപ്പം വെള്ളി നേടി.

Content Highlights: Tokyo 2020 India s Equestrian Olympian Fouaad Mirza