ടോക്യോ: ലോക കായിക മാമാങ്കത്തിനായി ടോക്യോയിലെത്തിയ കായിക താരങ്ങള്‍ക്ക് ഒരു പക്ഷേ ആദ്യം നേരിടേണ്ടി വരിക കോവിഡ് എന്ന എതിരാളിയെ തന്നെയാകും. കളിക്കളത്തിലെ എതിരാളികളില്‍ നിന്ന് വരുന്ന വെല്ലുവിളി അതിന് ശേഷമേ ഉണ്ടാകൂ. 

എന്നാലിപ്പോഴിതാ കോവിഡ് മാത്രമായിരിക്കില്ല ജൂലായ് - ഓഗസ്റ്റ് മാസങ്ങളില്‍ കായിക താരങ്ങള്‍ക്ക് വെല്ലുവിളിയാകുക. ടോക്യോയില്‍ ഉഷ്ണകാലം അതിന്റെ അവസാനത്തിലാണ്. ഇക്കാരണത്താല്‍ തന്നെ കടുത്ത ചൂടും അന്തരീക്ഷ ഈര്‍പ്പവും താരങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

2013-ല്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ തന്നെ വേനലിലെ ടോക്യോയിലെ ചൂടും അന്തരീക്ഷ ഈര്‍പ്പവും ആശങ്ക സൃഷ്ടിച്ചിരുന്നു. 

2019-ല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മാരത്തണ്‍, ഓട്ടം, നടത്ത മത്സരങ്ങള്‍ എന്നിവ ഒളിമ്പിക് സംഘാടകരോട് തണുത്ത കാലാവസ്ഥയുള്ള സാപ്പോറോയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ തന്നെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് കായിക താരങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കാന്‍ ടോക്യോയ്ക്ക് സാധിക്കുമോ എന്ന കാര്യത്തിലും അന്ന് സംശയമുയര്‍ന്നിരുന്നു. അന്നത്തെ സംശയം തെറ്റായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ടോക്യോയിലെ നിലവിലെ സാഹചര്യങ്ങള്‍.

1964-ല്‍ ആണ് ടോക്യോ ആദ്യമായി ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്. അന്ന് അന്തരീക്ഷ താപനില താരതമ്യേന കുറവായ കാലാവസ്ഥയിലാണ് മത്സരങ്ങള്‍ നടത്തിയിരുന്നത്.

എന്നാല്‍ ഈ വര്‍ഷം മത്സരിക്കുന്ന താരങ്ങള്‍ക്ക് റെക്കോഡ് ചൂടുള്ള അന്തരീക്ഷമാകും ഉണ്ടാകുക. കടുത്ത ചൂടും അന്തരീക്ഷ ഈര്‍പ്പവും തികഞ്ഞ വെല്ലുവിളിയായി മാറും. 

പുറത്ത് വ്യായാമം ചെയ്യരുതെന്ന് ടോക്യോ നിവാസികള്‍ക്ക് നിര്‍ദേശമുണ്ട്.

ഷിയോകേസ് പാര്‍ക്കില്‍ പരിശീലനം നടത്തുന്ന ബീച്ച് വോളിബോള്‍ താരങ്ങള്‍ക്ക് മണലിലെ ചൂട് താങ്ങാനാകുന്നില്ലെന്ന് പരാതിപ്പെട്ടതിനാല്‍ മണല്‍ നനച്ച് കൊടുത്താണ് അധികൃതര്‍ ഇതിന് പരിഹാരം കണ്ടത്. 

അന്തരീക്ഷത്തിലെ ചൂട്, ഈര്‍പ്പം, കാറ്റ്, സൗരവികിരണ അളവുകള്‍ എന്നിവ സംയോജിപ്പിക്കുന്ന വെറ്റ് ബള്‍ബ് ഗ്ലോബ് ടെംപറേച്ചര്‍ (ഡബ്യു.ബി.ജി.ടി) 31.8 ഡിഗ്രിയാണ് ടോക്യോയില്‍ അനുഭവപ്പെടുന്നത്. അപകടകരമായ സ്ഥിതിയാണിത്. 

ഡബ്യു.ബി.ജി.ടി 31 ഡിഗ്രി കഴിയുമ്പോള്‍ തന്നെ കായിക മത്സരങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് ജപ്പാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇക്കാരണത്താല്‍ തന്നെ ഔട്ട്‌ഡോര്‍ മത്സരങ്ങളില്‍ കടുത്ത ചൂട് എത്രത്തോളം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് സംഘാടകര്‍.

Content Highlights: Tokyo 2020 athletes competing this year face potentially hottest Olympics