തിങ്കളാഴ്ച ദുബായില്‍ നിന്ന് സിംഗപ്പൂര്‍ വഴിയാണ് ഞാനും കോച്ച് പ്രദീപ് സാറും ടോക്യോയില്‍ വന്നിറങ്ങിയത്. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറോളം തങ്ങി. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ടോക്യോ വിമാനത്താവളത്തില്‍ ഇറങ്ങിയെങ്കിലും ഒളിമ്പിക് വില്ലേജിലെത്തുമ്പോള്‍ രാത്രി 12 മണിയായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്തും വിശദമായ പരിശോധനകള്‍ നടക്കുന്നതുകൊണ്ടാണ് ഇത്രയും സമയം വേണ്ടിവന്നത്.

ആദ്യംതന്നെ ഒരു ആപ്പ് (ഓച്ച) ഡൗണ്‍ലോഡ് ചെയ്യണം. കോവിഡ് ടെസ്റ്റ് ചെയ്തതിന്റെ വിശദാംശങ്ങളും ആരോഗ്യസ്ഥിതിയുമെല്ലാം ഇതില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് എല്ലാം ആപ്പ് വഴിയാണ് മുന്നോട്ടുനീങ്ങുന്നത്. വിമാനത്തില്‍വെച്ചുതന്നെ ആറും ഏഴും പേരുള്ള ഗ്രൂപ്പുകളായി വേര്‍തിരിക്കും. പടിപടിയായി ആരോഗ്യ പരിശോധനകളെല്ലാം കഴിഞ്ഞേ പുറത്തുകടക്കാന്‍ പറ്റൂ. ഇവിടെവെച്ച് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തും. പുറത്തിറങ്ങി വാഹനം കിട്ടാന്‍ കുറച്ചുനേരം കാത്തിരുന്നു. വിമാനത്താവളത്തില്‍നിന്ന് ഗെയിംസ് വില്ലേജിലേക്ക് 62 കിലോമീറ്ററോളം ദൂരമുണ്ട്.

ഞായറാഴ്ച തുടങ്ങിയ യാത്രയ്‌ക്കൊടുവില്‍ ഒളിമ്പിക് വില്ലേജിലെത്തുമ്പോള്‍ തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണി കഴിഞ്ഞു. അവിടെ, ശ്രീഹരി നടരാജും മാന പട്ടേലും അടക്കമുള്ള ഇന്ത്യയുടെ മറ്റ് നീന്തല്‍ താരങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അത്യാവശ്യ സൗകര്യങ്ങളൊക്കെയുള്ള മുറി. ഉറങ്ങാന്‍ കിടക്കുമ്പോള്‍ രാത്രി ഒരുമണിയായി.

വില്ലേജില്‍നിന്ന് അല്‍പദൂരം നടന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് ബേ ആയി. അവിടെനിന്ന് ഇടയ്ക്കിടെ പരിശീലനസ്ഥലത്തേക്ക് ബസ് ഉണ്ട്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പരിശീലനത്തിനിറങ്ങി. മത്സരം നടക്കേണ്ട നീന്തല്‍ക്കുളം കണ്ടു. അതിമനോഹരമാണത്. അവസാന മിനുക്കുപണികള്‍ നടക്കുന്നതേയുള്ളൂ. മത്സരവേദി എനിക്ക് ഇഷ്ടമായി.

വൈകീട്ട് ഏഴിന് വീണ്ടും പരിശീലനത്തിന് പോയി. ഇവിടെ എല്ലാ ദിവസവും കോവിഡ് ടെസ്റ്റുണ്ട്. നമുക്ക് ഒരു കോവിഡ് കിറ്റ് തരും. അതില്‍ ഉമിനീരും മറ്റും ശേഖരിച്ച് കൊടുക്കണം. അവര്‍ ടെസ്റ്റ് നടത്തും. ചെറിയ ചൂട് ഉണ്ടെങ്കിലും ടോക്യോയില്‍ നല്ല കാലാവസ്ഥയാണിപ്പോള്‍.

ഗെയിംസ് വില്ലേജില്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധം. റിയോ ഒളിമ്പിക്‌സിലും ഞാന്‍ പങ്കെടുത്തിരുന്നു. കാലം ഏറെ മാറിയിരിക്കുന്നു. റിയോയിലേതുപോലെ പരസ്പരം സംസാരിക്കാനും കൂട്ടുകൂടാനും ഇവിടെ പറ്റില്ല. എങ്കിലും പരിമിതികള്‍ക്കുള്ളില്‍നിന്ന് ടോക്യോ നന്നായി ഒരുങ്ങിയിരിക്കുന്നു.

Content Highlights: Sajan Prakash ready to compete at Tokyo Olympics 2020