ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണനേട്ടം 2008-ല്‍ ബെയ്ജിങ്ങില്‍ റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ലേഖകന്‍ ടി. സോമന്‍ എഴുതുന്നു

'നീരജ്, കൈയടിക്കുന്നവരെ നോക്കി നമിക്കൂ! രാജ്യത്തിന്റെ സ്വപ്നം നിങ്ങള്‍ സാക്ഷാത്കരിച്ചിരിക്കുന്നു. നന്ദി. സ്വാഗതം ക്ലബ്ബിലേക്ക്, ഏറെ ആവശ്യമുള്ള അംഗത്വമാണിത്. അഭിമാനം... സന്തോഷം...'

നീരജ് ചോപ്രയുടെ സ്വര്‍ണനേട്ടമറിഞ്ഞയുടനെ, 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമെഡല്‍ നേടിയ അഭിനവ് ബിന്ദ്ര ട്വീറ്റ് ചെയ്തു.

ബെയ്ജിങ്ങില്‍ ഷൂട്ടിങ്ങിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു ബിന്ദ്രയുടെ സ്വര്‍ണം. 2008 ഓഗസ്റ്റ് 11. ടോക്യോയില്‍ പുലര്‍ച്ചെ മഴപെയ്തതുപോലെ അന്ന് ബെയ്ജിങ്ങിലും മഴദിവസമായിരുന്നു. ഉച്ചയ്ക്ക് 12ന് ബെയ്ജിങ്ങിലെ ഷൂട്ടിങ് റേഞ്ച് ഹാളില്‍ മത്സരം തുടങ്ങുമ്പോള്‍ ആകെയുള്ളത് കഷ്ടി 50 ഇന്ത്യക്കാര്‍. ചൈനക്കാരന്‍ മത്സരിക്കുന്നതിനാല്‍ അവരായിരുന്നു കാണികളില്‍ ഭൂരിഭാഗവും. പത്ത് റൗണ്ടുള്ള മത്സരത്തിന്റെ ഓരോ ഘട്ടം കഴിയുന്തോറും മത്സരം ഉദ്വേഗഭരിതമായി.

ഒമ്പതാം റൗണ്ടില്‍ ഫിന്‍ലന്‍ഡുകാരന്‍ ഹക്കിനന്‍ കൂടുതല്‍ പോയന്റ് നേടി. ഹക്കിനന് 10.3 പോയന്റ്. ബിന്ദ്രയ്ക്ക് 10.2 പോയന്റ്. ആകെ പോയന്റില്‍ ബിന്ദ്രയും ഹക്കിനനും തുല്യനിലയില്‍. ഇരുവര്‍ക്കും ആകെ കിട്ടിയത്, 689.7 പോയന്റ്.

അവസാനറൗണ്ട് അടുക്കുകയാണ്. കണ്ണ് തുറന്നുപിടിച്ചിരിക്കെ വിധികര്‍ത്താവിന്റെ നിര്‍ദേശമെത്തി. സൈലന്‍സ് പ്ലീസ്. പൂര്‍ണ നിശ്ശബ്ദത. ആദ്യം വെടിയുതിര്‍ന്നത് ബിന്ദ്രയുടെ തോക്കില്‍നിന്ന്. സ്‌ക്രീനില്‍ 10.8 പോയന്റ് എന്നു തെളിഞ്ഞതും ഞങ്ങള്‍ ഇന്ത്യക്കാരെല്ലാം ഇരുന്ന ഇരുപ്പില്‍നിന്നും ചാടി. മെഡല്‍ ഉറപ്പായതിന്റെ സന്തോഷമായിരുന്നു എല്ലാവര്‍ക്കും. ഷൂട്ടര്‍മാരുടെ പോയന്റ് സ്‌ക്രീനില്‍ തെളിഞ്ഞു. ഇന്ത്യയുടെ അഭിനവ് ബിന്ദ്രയ്ക്ക് ഒന്നാം സ്ഥാനം. 15 വര്‍ഷത്തെ കഠിനപരിശീലനത്തിനൊടുവില്‍ മെഡല്‍നേടിയ വിവരമറിഞ്ഞിട്ടും അതിന്റെ സന്തോഷംപോലും പ്രകടിപ്പിക്കാനാകാതെ നിസ്സംഗനായിരുന്നു അന്ന് ബിന്ദ്ര. മെഡല്‍ച്ചടങ്ങിന് എത്തുവോളം നീണ്ട നിസ്സംഗത. എങ്കിലും സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞപ്പോള്‍ ബിന്ദ്ര ചിരിച്ചു. മനസ്സുനിറഞ്ഞുള്ള ചിരി.

അന്ന് നിസ്സംഗനായിനിന്ന അഭിനവ് ബിന്ദ്രയാണ് നീരജിനെ അകമഴിഞ്ഞ് അഭിനന്ദിച്ചിരിക്കുന്നത്. മെഡല്‍ നേടുമ്പോള്‍ ബിന്ദ്രയ്ക്ക് 25 വയസ്സ്. നീരജിനാകട്ടെ, 23 വയസ്സ്. ബിന്ദ്രയോളം സംഘര്‍ഷം നീരജിനുണ്ടായിരുന്നില്ലെന്ന് മത്സരത്തിന്റെ തുടക്കത്തിലേ പ്രകടമായി. ഏതു ജാവലിന്‍ എടുക്കണമെന്ന ചെറിയ ആശയക്കുഴപ്പത്തോടെയാണ് നീരജ് ആദ്യ ഏറിനെത്തിയത്. പ്രതീക്ഷിച്ച ദൂരം കണ്ടതിന്റെ സന്തോഷവും മുഖത്ത് പ്രകടമായി. എറിഞ്ഞശേഷം വിശ്രമിക്കുന്നിടത്തുവന്ന ക്യാമറ നോക്കി ചിരിച്ചുകൊണ്ട് അഭിവാദ്യംചെയ്തു.

അന്ന് ബെയ്ജിങ്ങില്‍ ഇന്ത്യയുടെ മൂവര്‍ണപതാക ഉയരവെ ദേശീയഗാനം ആലപിക്കുമ്പോള്‍ ആര്‍ത്തുല്ലസിക്കാന്‍ കുറെ പേരുണ്ടായിരുന്നു. എന്നാല്‍, ടോക്യോയിലെ പ്രധാനവേദിയില്‍ ഇന്ത്യന്‍പതാക ഉയരുമ്പോള്‍ ഒഴിഞ്ഞ ഗാലറിയായിരുന്നു. കോവിഡ് കവര്‍ന്ന ആഘോഷം.

Content Highlights: Neeraj Chopra wins olympics gold medal after Abhinav Bindra for India