ടോക്യോ ഒളിമ്പിക്‌സില്‍ വെള്ളി മെഡലും കഴുത്തിലണിഞ്ഞ് നില്‍ക്കുന്ന ഇന്ത്യന്‍ ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്റെ നിറഞ്ഞ ചിരിയോടൊപ്പം തിളങ്ങി കാതിലെ സ്വര്‍ണക്കമ്മലുകളും. ഒളിമ്പിക് വളയത്തിന്റെ ആകൃതിയിലുള്ള ഈ കമ്മലുകള്‍ മീരഭായ് ചാനുവിന് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ സയ്‌കോം ഒങ്ബി ടോംബി ലെയ്മ സമ്മാനിച്ചതാണ്. 

സ്വന്തം സ്വര്‍ണാഭരണം വിറ്റാണ് അമ്മ ചാനുവിന് കമ്മലുകള്‍ വാങ്ങിയത്. റിയോ ഒളിമ്പിക്‌സിനായി ബ്രസീലിലേക്ക് ചാനു വിമാനം കയറുന്നതിന് മുമ്പ് ആ കമ്മലുകള്‍ അമ്മ മകളുടെ കാതിലിട്ട് കൊടുത്തു. ആ ഒളിമ്പിക് വളയക്കമ്മല്‍ ഭാഗ്യം കൊണ്ടുവരും എന്നായിരുന്നു ചാനുവിന്റെ അമ്മയുടെ വിശ്വാസം. എന്നാല്‍ റിയോയില്‍ ചാനു കണ്ണീരുമായി മടങ്ങി. പക്ഷേ അമ്മയുടെ വിശ്വാസം തെറ്റിയില്ല. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ടോക്യോയില്‍ മകള്‍ വെള്ളി മെഡല്‍ കഴുത്തിലണിഞ്ഞു. 

ആ നിമിഷത്തില്‍ കണ്ണുനിറഞ്ഞെന്ന് അമ്മ സയ്‌കോം പറയുന്നു. 'ഒരു മെഡലെങ്കിലും നേടുമെന്ന് ഉറപ്പുനല്‍കിയാണ് ചാനു ടോക്യോയിലേക്ക് പോയത്. അതുകൊണ്ട് അവളുടെ മത്സരം കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വന്നിരുന്നു. അവള്‍ വെള്ളി നേടുന്നത് ഞങ്ങള്‍ ടിവിയില്‍ തത്സമയം കണ്ടു. സന്തോഷത്താല്‍ എന്റേയും ഭര്‍ത്താവിന്റേയും കണ്ണുകള്‍ നിറഞ്ഞു.' സയ്‌കോം പറയുന്നു.

21 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇന്ത്യ ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ ഒരു മെഡല്‍ നേടിയത്. ഇതിന് മുമ്പ് 2000-ത്തില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.

Content Highlights: Mirabai's mother in tears as daughter sports good luck earrings she gifted in Olympic super show