ടോക്യോ: ന്യൂസീലന്‍ഡിന്റെ ഭാരോദ്വഹന താരമായ ട്രാന്‍സ്ജെന്‍ഡര്‍ ലോറല്‍ ഹബ്ബാര്‍ഡിന് ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പച്ചക്കൊടി. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ആകും 42-കാരിയായ ലോറല്‍. 87 കിലോഗ്രാം സൂപ്പര്‍ ഹെവി വെയ്റ്റ് ഭാരോദ്വഹനത്തിലാണ് ലോറല്‍ മത്സരിക്കുക.

ട്രാന്‍ഡ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വനിതാവിഭാഗത്തില്‍ മത്സരിക്കാമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.) 2015-ല്‍ തീരുമാനിച്ചിരുന്നു. ഒരു വിഭാഗം ആളുകള്‍ ലോറലിന് പിന്തുണയുമായി എത്തിയപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാള്‍ വനിതാവിഭാഗത്തില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്.

യോഗ്യതാ മാനദണ്ഡങ്ങള്‍ നേരത്തേ തീരുമാനിച്ചതാണെന്നും അത് ഇനി മാറ്റാന്‍ സാധ്യമല്ലെന്നും ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാക്ക് വ്യക്തമാക്കിയതോടെയാണ് ലോറലിന് മത്സരിക്കാന്‍ അവസരമൊരുങ്ങിയത്. അതേസമയം, ട്രാന്‍സ്ജെന്‍ഡറുകള്‍ പൊതു വിഭാഗത്തിനെതിരേ മത്സരിക്കുന്നതില്‍ പുനരാലോചന ഉണ്ടാകുമെന്നും ബാക്ക് പറഞ്ഞു.

Content Highlights: IOC backs transgender weightlifter Laurel Hubbard s selection for Tokyo Olympics