ളിമ്പിക്‌സിലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യകോച്ചും മലയാളിയുമായ പി. രാധാകൃഷ്ണന്‍ നായര്‍ 'മാതൃഭൂമി'യോട് സംസാരിക്കുന്നു
 

ടോക്യോയിലെ വിശേഷങ്ങള്‍ ?

ടോക്യോയിലെത്തിയതുമുതല്‍ ഉറക്കം വളരെ കുറവാണ്. രാവിലെ അഞ്ചിന് എഴുന്നേറ്റാല്‍ രാത്രിവരെ പരിശീലനവും ടീം മീറ്റിങ്ങും ടെക്‌നിക്കല്‍ മീറ്റിങ്ങും ഒക്കെയായി ഒരുപാടുകാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാം കഴിഞ്ഞു കിടക്കുമ്പോള്‍ രാത്രി ഒരുമണിയെങ്കിലുമാകും. രാവിലെ 8.15നുമുമ്പായി ഗെയിംസ് വില്ലേജിലെ പ്രത്യേക മുറിയില്‍ച്ചെന്ന് എല്ലാവരും കോവിഡ് ടെസ്റ്റിനായി ഉമിനീര്‍ കൊടുക്കണം. ഇക്കാര്യം രാവിലെതന്നെ എല്ലാവരേയും വിളിച്ച് ഓര്‍മപ്പെടുത്തലാണ് ആദ്യത്തെ പണി. ഉറങ്ങിപ്പോയാല്‍ ഉമിനീര്‍ കൊടുക്കാന്‍ മറന്നുപോകും. അത് കോവിഡ് പ്രോട്ടോകോള്‍ ലംഘനമായതിനാല്‍ ഏറെ ശ്രദ്ധപുലര്‍ത്തണം.

ഇന്ത്യന്‍ ടീമിന്റെ ഒരുക്കം ?

അത്‌ലറ്റിക്‌സ് താരങ്ങളെല്ലാം ഉന്മേഷത്തിലാണ്. ആര്‍ക്കും പരിക്കോ അസുഖങ്ങളോ ഒന്നുമില്ല. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പരിശീലനമുണ്ട്. ഇവിടെയെത്തിയപ്പോള്‍ കോവിഡ് ക്വാറന്റീന്‍ കര്‍ശനമായിരുന്നെങ്കിലും ഇപ്പോള്‍ കുറച്ച് അയവുണ്ട്. പരിശീലനത്തിനും ഭക്ഷണത്തിനുമായി താരങ്ങള്‍ക്ക് ഒരുമിച്ചുകൂടാന്‍ അനുമതിനല്‍കിയത് സമ്മര്‍ദം കുറയാന്‍ സഹായിക്കും.

അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷ ?

എല്ലാവരും അവരുടെ ഏറ്റവും മികച്ച പ്രകടനംതന്നെ രാജ്യത്തിനായി പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. ജാവലിനില്‍ നീരജ് ചോപ്രയും ഡിസ്‌കസ്‌ത്രോയില്‍ സീമ പുണിയയും മെഡലിലേക്കെത്താന്‍ സാധ്യതയുള്ളവരാണ്. പുരുഷന്മാരുടെ റിലേ ടീമും ഫൈനലിലെത്താന്‍ സാധ്യതയുണ്ട്. ഇതൊക്കെയാണെങ്കിലും മത്സരദിവസത്തെ പ്രകടനമാണ് പ്രധാനം. അത് ലക്ഷ്യംവെക്കാനാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നത്.

നീരജ് ചോപ്ര ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ ?

വിദേശ പരിശീലനം കഴിഞ്ഞ് കഴിഞ്ഞദിവസമാണ് നീരജ് ടോക്യോയിലെത്തിയത്. ഇന്നലെ നീരജ് പരിശീലനത്തിന് ടീമിനൊപ്പം ചേര്‍ന്നു. നീരജിനോടു സംസാരിച്ചപ്പോഴും ആത്മവിശ്വാസംനിറഞ്ഞ പ്രതികരണമായിരുന്നു.

Content Highlights: Interview with Indian coach from Kerala P.Radhakrishnan Nair, tokyo 2020