1982-ല്‍ രണ്ടാമതൊരു ഏഷ്യന്‍ ഗെയിംസിന് ഡല്‍ഹി വേദിയായപ്പോള്‍ മുന്‍ താരങ്ങളെ ആദരിച്ചവര്‍ സച്ചിന്‍ നാഗിനെ മറന്നു. അദ്ദേഹത്തിന്റെ നാമത്തില്‍ വേദികളില്‍ ഒരിടത്തും ഒന്നുമുണ്ടായില്ല. കാരണം 1986 ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ കസാന്‍ സിങ് വെള്ളി നേടിയതിനുശേഷമുള്ള നീന്തല്‍ ചരിത്രമേ അധികൃതര്‍ ശ്രദ്ധിച്ചുള്ളൂ.

1951 ലെ പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ 100 മീ. ഫ്രീ സ്‌റ്റൈലില്‍ സ്വര്‍ണം ഉള്‍പ്പെടെ മൂന്നു മെഡല്‍ അണ് സച്ചിന്‍ നാഗ് നേടിയത്. ഇന്നും ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ ഇന്ത്യയുടെ പേരില്‍ മറ്റൊരു സ്വര്‍ണ മെഡല്‍ ഇല്ല.

ടോക്യോ ഒളിമ്പിക്‌സില്‍ നീന്തലില്‍, 100 മീ. ബാക്ക് സ്‌ട്രോക്കില്‍ ഗുജറാത്തിന്റെ മനാ പട്ടേല്‍ എന്ന ഇരുപത്തിയൊന്നുകാരി മത്സരിക്കുമ്പോള്‍, ഒളിംപിക്‌സ് നീന്തലില്‍ ഇന്ത്യന്‍ വനിതകളുടെ അരങ്ങേറ്റമായി കരുതരുത്. യൂണിവേഴ്‌സാസാലിറ്റി ക്വോട്ടയില്‍ (വൈല്‍ഡ് കാര്‍ഡ്) ആണ് മനാ ടോക്യോയില്‍ എത്തിയത്. യോഗ്യതാ മാര്‍ക്ക് കടന്നു തന്നെ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്‌സ് നീന്തലില്‍ മത്സരിച്ചിട്ടുണ്ട്. 2004 ല്‍ ഏതൻസിൽ, ബെംഗളുരു സ്വദേശിനിയാ ഷിക്കാ താന്‍ഡന്‍ .ഒന്നിലല്ല ,രണ്ട് ഇനങ്ങളില്‍ ഷിക്ക യോഗ്യത നേടിയിരുന്നു. 50 മീറ്റര്‍, 100 മീറ്റര്‍ ഫ്രീസ്‌റ്റൈലുകളില്‍ .

ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതകള്‍ അരങ്ങേറിയത് 1952-ല്‍ ഹെല്‍സിങ്കിയിലാണ്. ഡോളി നാസിറും (മുംബൈ) ആരതി സാഹയും (കൊല്‍ക്കത്ത). ഡോളി 100 മീറ്റര്‍, 200 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ ഇറങ്ങി. ആരതിക്ക് അന്നു പ്രായം 12 വയസ് മാത്രമായിരുന്നു. ഇന്ത്യന്‍ ടീമിലെ ബേബി. ആരതി പിന്നീട് 1959-ല്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കയറിയ പ്രഥമ ഏഷ്യന്‍ വനിതയായത് ചരിത്രം.

അറ്റ്‌ലാന്റയിലെ ശതാബ്ദി ഒളിമ്പിക്‌സിന് ഡല്‍ഹിയില്‍ നിന്ന് സംഗീത റാണി പുരി ഉണ്ടായിരുന്നു. ടെക്‌സാസില്‍ താമസക്കാരിയായിരുന്ന സംഗീത യു.എസ്. ടീമില്‍ ഇടം നേടുക എളുപ്പമല്ലെന്നു കണ്ട് ഇന്ത്യയില്‍ എത്തുകയായിരുന്നു.

സിഡ്‌നിയില്‍ ബെംഗളുരുവിന്റെ നിഷാ മില്ലെറ്റ് 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മത്സരിച്ചു. പിന്നെ, 2016-ല്‍ റിയോയിലാണ്  ഇന്ത്യന്‍ വനിതകള്‍ക്ക് അവസരം ഒരുങ്ങിയത്. ഡല്‍ഹിയുടെ ശിവാനി കത്താരിയ 200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ മത്സരിച്ചു. ഇനി മനായുടെ ഊഴം. സാജന്‍ പ്രകാശിനും ശ്രീഹരി നടരാജനുമൊപ്പം മനാ ടോക്യോയില്‍ ഇന്ത്യക്കായി നീന്തും. സാജനൊപ്പം പരിശീലകന്‍ പ്രദീപ് കുമാറുമുണ്ട്.

Content Highlights: Indian women swimmers who participated in olympics