ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ ഉറപ്പായും മെഡല്‍ നേടുമെന്ന് കരുതിയ പല താരങ്ങളുണ്ട്. ലോകചാമ്പ്യന്‍ഷിപ്പുകളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചവരും ലോക ഒന്നാം നമ്പറായി മാറിയവരുമെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ വലിയ വിജയമാണ് ഇന്ത്യ ടോക്യോയില്‍ സ്വപ്നം കണ്ടത്.

സ്വപ്നം യാഥാര്‍ഥ്യമാക്കി ഇന്ത്യ എക്കാലത്തെയും മികച്ച മെഡല്‍വേട്ട ഒളിമ്പിക്‌സില്‍ നടത്തിയെങ്കിലും ചില താരങ്ങള്‍ പാടെ നിരാശപ്പെടുത്തി. ഇന്ത്യയുടെ പ്രധാന ശക്തി കേന്ദ്രങ്ങളായ അമ്പെയ്ത്തിലും ഷൂട്ടിങ്ങിലും ബോക്‌സിങ്ങിലുമെല്ലാം താരങ്ങള്‍ പാതിവഴിയില്‍ തകര്‍ന്നുവീണു. 

കൃത്യമായി ലക്ഷ്യം കാണണം. അല്ലെങ്കില്‍ അമ്പെയ്ത്തിലും ഷൂട്ടിങ്ങിലും മുന്നേറാനാവില്ല. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ രണ്ട് കായിക ഇനങ്ങളിലും തിരിച്ചടിയാണ് സമ്മാനമായി ലഭിച്ചത്. മെഡല്‍ പ്രതീക്ഷ ഏറെയുണ്ടായിരുന്ന അമ്പെയ്ത്തിലും ഷൂട്ടിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു. ഒരു മെഡല്‍ പോലും നേടിയെടുക്കാനും സാധിച്ചില്ല.

ഷൂട്ടിങ്ങില്‍ എയര്‍ പിസ്റ്റള്‍, എയര്‍ റൈഫില്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഇന്ത്യ ഉറപ്പായും മെഡല്‍ പ്രതീക്ഷിച്ചിരുന്നു. ഈ വിഭാഗത്തില്‍ കഴിഞ്ഞ ആറ് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളില്‍ അഞ്ചിലും ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു. നിര്‍ണായക നിമിഷത്തില്‍ അവരുടെ ലക്ഷ്യം പിഴച്ചു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍, ലോക ഒന്നാം നമ്പര്‍ താരമായ എളവേണില്‍ വാളറിവന്‍ സ്ഥിരമായി 630 നുമേല്‍ പോയന്റ് നേടുമായിരുന്നു. പക്ഷേ, ടോക്യോയില്‍ ആ മികവ് നിലനിര്‍ത്താനായില്ല. 

യോഗ്യതാറൗണ്ടില്‍ ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ സൗരഭ് ചൗധരിയിലൂടെ ഒരു മെഡല്‍ ഉറപ്പായെന്നാണ് കരുതിയത്. സൗരഭ് അവിശ്വസനീയമെന്നോണം പിന്നില്‍പ്പോയി. എങ്കിലും തരക്കേടില്ലാത്ത പ്രകടനമായിരുന്നു.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭേക്കറിന്റെ തോക്ക് തകരാറായതിന്റെ വ്യക്തമായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. തകരാര്‍ പരിഹരിച്ചശേഷം 38 മിനിറ്റും 44 ഷോട്ടുമാണുണ്ടായിരുന്നത്. ഇതിന്റെ സമ്മര്‍ദം പ്രകടനത്തെ ബാധിച്ചുവെന്ന് വ്യക്തം.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഷൂട്ടര്‍മാരായ മനു ഭേക്കര്‍-സൗരഭ് ചൗധരി സഖ്യം അണിനിരന്നതോടെ ഈ ഇനത്തില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചു. സൗരഭ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മനു ഭേക്കര്‍ പിന്നോട്ടുപോയി. ഇതുകാരണം ടീമിന് ഫൈനലിലേക്ക് പോലും യോഗ്യത നേടാനായില്ല.

മനു ഭേക്കറും സൗരഭും എളവേണിലുമെല്ലാം ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുമെന്ന് ഉറപ്പിച്ചെങ്കിലും ഇവരെല്ലാവരും നിരാശയാണ് സമ്മാനിച്ചത്.

ഇന്ത്യയുടെ മറ്റൊരു പ്രധാന പ്രതീക്ഷയായിരുന്നു അമ്പെയ്ത്ത് താരമായ ദീപിക കുമാരി. വനിതാവിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം എന്നതുതന്നെയാണ് ദീപികയെ മെഡലിലേക്ക് അടുപ്പിച്ചത്. യോഗ്യതാ മത്സരത്തില്‍ ഒന്‍പതാം സീഡായാണ് താരം മത്സരം അവസാനിപ്പിച്ചത്. വ്യക്തിഗത ഇനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയെങ്കിലും കൊറിയയുടെ ആന്‍ സാനിനോട് പരാജയപ്പെട്ടു. മിക്‌സഡ് ഡബിള്‍സില്‍ തീര്‍ത്തും നിറം മങ്ങുകയും ചെയ്തു. 

ദീപികയ്‌ക്കൊപ്പം അതാനു ദാസ്, പ്രവീണ്‍ യാദവ്, തരുണ്‍ ദീപ് റായ് എന്നിവര്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും പരാജയപ്പെട്ടു. മെഡല്‍ നേടാനുള്ള കരുത്തുണ്ടായിരുന്നിട്ടും അത് വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

ഗുസ്തിയില്‍ എന്നും ഇന്ത്യയ്ക്ക് ആധിപത്യമുണ്ട്. ടോക്യോ ഒളിമ്പിക്‌സിലും അത് പ്രകടമായി. രണ്ട് പുരുഷ താരങ്ങള്‍ മെഡലും സ്വ്ന്തമാക്കി. എന്നാല്‍ ഗുസ്തിയില്‍ ഇന്ത്യന്‍ വനിതകള്‍ തീര്‍ത്തും നിരാശപ്പെടുത്തി. അന്‍ഷു മാലിക്ക് റെപ്പാഷെയിലൂടെ വെങ്കല മെഡലിനായി പോരാടിയെങ്കിലും തോല്‍വി വഴങ്ങി. 53 കിലോ ഗ്രാം വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില് ബെലാറസിന്റെ വനേസ കലാഡ്‌സിന്‍സ്‌കായയോടാണ് തോല്‍വി വഴങ്ങിയത്. ഈ ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടുമെന്ന് ലോകം കരുതിയ താരമാണ് വിനേഷ് ഫോഗട്ട്. 

ബോക്‌സിങ്ങില്‍ ഛോട്ടാ ടൈസണ്‍ എന്ന വിളിപ്പേരുളള അമിത് പംഗലിലൂടെ ഇന്ത്യ ഒരു സ്വര്‍ണമെഡല്‍ സ്വപ്നം കണ്ടിരുന്നു. പുരുഷന്മാരുടെ 52 കിലോ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ അമിത് ഒളിമ്പിക്‌സിലെ ടോപ് സീഡായിരുന്നു. ഇതോടെ ഇന്ത്യ മെഡലുറപ്പിച്ചു. എന്നാല്‍ വിധി താരത്തിനെതിരായി. പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ യൂബെര്‍യെന്‍ മാര്‍ട്ടിനസിനോട് അപ്രതീക്ഷിച തോല്‍വി വഴങ്ങി താരം പുറത്തായി. 4-1 എന്ന സ്‌കോറിനാണ് അമിത് പുറത്തായത്. ബോക്‌സിങ്ങില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന തേജീന്ദര്‍പാല്‍ സിങ് ഫൈനല്‍ പോലും കാണാതെ മടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 19.99 മീറ്റര്‍ ദൂരം മാത്രം കണ്ടെത്തിയ താരം 13-ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. 

ഇവരെക്കൂടാതെ മലയാളികളുടെ അഭിമാനമായ കെ.ടി.ഇര്‍ഫാനും ശ്രീശങ്കറും ഒളിമ്പിക്‌സില്‍ നിരാശപ്പെടുത്തി. ദേശീയ ചാമ്പ്യന്മാരായ ഇരുവരും തങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടുത്തു നിൽക്കുന്ന പ്രകടനം പോലും കാഴ്ചവെയ്ക്കാതെ ടോക്യോയില്‍ നിന്നും വണ്ടി കയറി. 

ഇന്ത്യയുടെ ലോങ്ജംപ് താരമായ ശ്രീശങ്കര്‍ 15 പേര്‍ മത്സരിച്ച റൗണ്ട് ബിയില്‍ 13-ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. 7.69 മീറ്ററാണ് ഉയര്‍ന്ന ദൂരം. ഫൈനലിലേക്ക് കടക്കണമെങ്കില്‍ 8.15 മീറ്റര്‍ ദൂരം താണ്ടണമായിരുന്നു. 8.26 മീറ്ററാണ് ശ്രീശങ്കറിന്റെ ഏറ്റവും മികച്ച പ്രകടനം. ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റിനിടെയാണ് താരം ഈ ദേശീയ റെക്കോഡ് സ്വന്തമാക്കിയത്. 

20 കിലോമീറ്റര്‍ നടത്തത്തില്‍ മത്സരിച്ച കെ.ടി.ഇര്‍ഫാന്‍ 52 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 51-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരു മണിക്കൂറും 34 മിനിട്ടും 41 സെക്കന്‍ഡുമാണ് ടോക്യോയിലെ താരത്തിന്റെ സമയം. തന്റെ ഏറ്റവും മികച്ച പ്രകടനത്തേക്കാള്‍ 13 മിനിട്ടും 36 സെക്കന്‍ഡുമാണ് ഇര്‍ഫാന്‍ ടോക്യോയില്‍ മത്സരം പൂര്‍ത്തീകരിക്കാനായി എടുത്തത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ നേടിയ ഒരു മണിക്കൂര്‍ 20 മിനിട്ട് 21 സെക്കന്‍ഡാണ് ഇര്‍ഫാന്റെ കരിയറിലെ മികച്ച സമയം. 

ഇത്തവണ പ്രകടനം മോശമായെങ്കിലും അടുത്ത ഒളിമ്പിക്‌സില്‍ ഈ താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുമെന്നുതന്നെയാണ് കായിക ലോകം പ്രതീക്ഷിക്കുന്നത്. 

Content Highlights: Indian sports stars who performed not well in tokyo olympics, tokyo 2020