കുരുത്തക്കേട് കാണിച്ചതിന് തല്ലാനായി മുത്തശ്ശി വടിയും പിടിച്ച് വരുമ്പോള്‍ അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വീടിന് പിന്നിലുള്ള വാഴത്തോട്ടങ്ങള്‍ക്കിടയിലൂടെ ഓടിയോടി ഒരു പെണ്‍കുട്ടി ഒളിമ്പിക്‌സ് ചരിത്രത്തിന്റെ ഫിനിഷിങ് ലൈന്‍ തൊട്ടുനില്‍ക്കുന്നു. 100 മീറ്റര്‍ ഏറ്റവും വേഗത്തില്‍ ഓടുന്ന ലോകത്തെ രണ്ടാമത്തെ വനിതാ താരം എന്ന ചരിത്രത്തിലേക്കാണ് അവള്‍ ഓടിക്കയറിയത്. ടോക്യോ ഒളിമ്പിക്‌സ് 100 മീറ്ററില്‍ സ്വര്‍ണം നേടിയ 29-കാരി എലെയ്ന്‍ തോംസണാണ് ആ പെണ്‍കുട്ടി. 

ജമൈക്കയിലെ ദാരിദ്ര്യം നിറഞ്ഞുനില്‍ക്കുന്ന മാഞ്ചസ്റ്റര്‍ പാരിഷിലെ ബനാന ഗ്രൗണ്ടിലാണ് എലെയ്ന്‍ തോംസണ്‍ന്റെ ജനനം. കൃഷിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്ന മനുഷ്യര്‍ താമസിക്കുന്ന സ്ഥലം. ഏഴാം മാസം മുതല്‍ മുത്തശ്ശി ഗ്ലോറിയയുടെ ലാളനയില്‍ വളര്‍ന്ന അവള്‍ കുട്ടിക്കാലത്തുതന്നെ ഒരു ഓട്ടക്കാരി ആയിരുന്നു. ലോകമറിയുന്ന ഒരു സ്പ്രിന്ററായി അവള്‍ വളരുമെന്ന് കുടുംബാംഗങ്ങള്‍ അന്നേ വിശ്വസിച്ചു. ഓടാനായി ജനിച്ചവളാണ് എലെയ്ന്‍ എന്ന് മുത്തശ്ശി എപ്പോഴും പറയും. അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല, ടോക്യോയില്‍ 33 വര്‍ഷത്തെ ഒളിമ്പിക് റെക്കോഡ് തിരുത്തി ആ മുത്തശ്ശിയുടെ കൊച്ചുമകള്‍ സ്വര്‍ണം കഴുത്തിലണിഞ്ഞിരിക്കുന്നു. 

ചെറുപ്പത്തില്‍ സ്‌കൂളില്‍ നടന്ന മത്സരങ്ങളിലൊന്നും മികവേലിക്കുയരാന്‍ എലെയ്‌ന് കഴിഞ്ഞിരുന്നില്ല. 2009-ല്‍ നടന്ന ജമൈക്കന്‍ ബോയ്‌സ് ആന്റ് ഗേള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ലഭിച്ചത് നാലാം സ്ഥാനം. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്‌കൂളിലെ അത്‌ലറ്റിക്‌സ് ടീമില്‍ നിന്ന് എലെയ്‌നെ ഒഴിവാക്കി.

എന്നാല്‍ പുതിയ വാതില്‍ അവള്‍ക്ക് മുന്നില്‍ തുറന്നു. ജമൈക്കയുടെ ഒളിമ്പിക് ഇതിഹാസം ഷെല്ലി ആന്‍ ഫ്രേസറുടെ ഗുരുവായ അത്‌ലറ്റിക് കോച്ച് സ്റ്റീഫന്‍ ഫ്രാന്‍സിസ് എലെയ്‌നിലുള്ള കഴിവ് തിരിച്ചറിഞ്ഞു. കിങ്സ്റ്റണിലെ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് കൂടി കിട്ടിയതോടെ എലെയ്ന്‍ പരിശീലനം പ്രൊഫഷണല്‍ രീതിയിലേക്ക് മാറ്റി. 

പലപ്പോഴും മത്സരത്തില്‍ പരാജയപ്പെടുമ്പോള്‍ നിരാശയോടെ ട്രാക്കില്‍ തളര്‍ന്നിരുന്ന എലെയ്‌ന് ആത്മവിശ്വാസം നല്‍കിയത് സ്റ്റീഫന്‍ ഫ്രാന്‍സിസിന്റെ വാക്കുകളാണ്. ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി സ്റ്റീഫന്‍ അവളെ ഉപദേശിക്കും. നീ ഇപ്പോള്‍ കൊച്ചുകുഞ്ഞല്ലെന്നും കുട്ടിക്കളി മാറ്റണമെന്നും പറയും. ഇതോടെ എലെയ്ന്‍ മത്സരങ്ങളെ ഗൗരവത്തോടെ സമീപിക്കാന്‍ തുടങ്ങി. അതിന് ഫലമുണ്ടായി, 2013-ല്‍ 100 മീറ്റര്‍ 11 സെക്കന്റില്‍ താഴെ ഓടിയെത്തി.രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 200 മീറ്റര്‍ 22 സെക്കന്റില്‍ താഴെയും.

2013-ല്‍ മെക്‌സിക്കോയിലെ മൊറേലിയയില്‍ നടന്ന സെന്‍ട്രല്‍ അമേരിക്കന്‍ ആന്റ് കരിബീയന്‍ ചാമ്പ്യന്‍ഷിപ്പിലും 2014-ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും 4ത100 മീറ്ററില്‍ സ്വര്‍ണം നേടിയ റിലേ ടീമില്‍ എലെയ്‌നും അംഗമായിരുന്നു. 2015-ല്‍ ബെയ്ജിങ്ങിലെ പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഓടിയെത്തിയത് 21.66 സെക്കന്റിലാണ്. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ 200 മീറ്റര്‍ ഓട്ടമായിരുന്നു അത്. അതേ ചാമ്പ്യന്‍ഷിപ്പില്‍ റിലേയിലും മത്സരിച്ച എലെയന്‍ സ്വര്‍ണം സ്വന്തമാക്കി. 

റിയോ ഒളിമ്പിക്‌സായിരുന്നു എലെയ്ന്‍ തോംസണ്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ഉദയം. റോള്‍ മോഡലായ ഷെല്ലി ആന്‍ ഫ്രേസര്‍ക്കൊപ്പം മത്സരിച്ച് 100 മീറ്ററിലും 200 മീറ്ററിലും എലെയ്ന്‍ സ്വര്‍ണം നേടി. റിലേയില്‍ വെള്ളിയും കഴുത്തിലണിഞ്ഞു. ഇപ്പോഴിതാ ടോക്യോയില്‍ 100 മീറ്ററില്‍ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി ലോകത്തെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിതയായിരിക്കുന്നു. 

Content Highlights: Elaine Thompson Herah Tokyo Olympics 100M Gold Medalist Life Story