ടോക്യോ: കോവിഡ് മാഹാമാരി ലോക കായിക കലണ്ടറിനെ ഒന്നാകെ താളംതെറ്റിയ സമയത്ത് നടക്കുന്ന ഒളിമ്പിക്‌സാണ് ടോക്യോയിലേത്. 

അതിനാല്‍ തന്നെ പങ്കെടുക്കുന്ന താരങ്ങള്‍ നിരന്തരമായ കോവിഡ് പരിശോധനകള്‍ക്കു വിധേയമാകേണ്ടി വരും. 

ഇതിനിടയില്‍ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരെ വില്ലേജില്‍നിന്നു മാറ്റിനിര്‍ത്തും. വ്യക്തിഗത ഇനങ്ങളില്‍ ഏതെങ്കിലും താരം പോസിറ്റീവായി മത്സരത്തില്‍ നിന്നു മാറ്റിനിര്‍ത്തപ്പെടുകയാണെങ്കില്‍ മറ്റൊരു താരത്തിന് അവസരം ലഭിക്കും. 

മെഡല്‍ നിശ്ചയിക്കുന്നതിലും കോവിഡ് മാനദണ്ഡം ബാധകമാകും. അത്ലറ്റിക്‌സിലെ ഏതെങ്കിലും ഇനത്തിന്റെ ഫൈനലില്‍ ഒരു താരം കോവിഡ് പോസിറ്റീവാണെന്നു കണ്ടാല്‍ അയാളെ ഒഴിവാക്കി സെമിയില്‍ പുറത്തായ ഏറ്റവും ഉയര്‍ന്ന റാങ്കുള്ളയാള്‍ക്കു ഫൈനലില്‍ മത്സരിക്കാം. മറ്റ് ഇനങ്ങളിലാണെങ്കില്‍ ഫൈനലില്‍ ഒരാള്‍ പോസിറ്റീവായാല്‍ അയാള്‍ക്കു വെള്ളിമെഡല്‍ സമ്മാനിച്ചു എതിരാളിയെ ജേതാവായി പ്രഖ്യാപിക്കും.

ഒളിമ്പിക്‌സിനായി ഇന്ത്യന്‍ സംഘമെത്തി

ഡല്‍ഹിയില്‍ നിന്ന് ഹോക്കി, അമ്പെയ്ത്ത്, ജൂഡോ, ടേബിള്‍ ടെന്നീസ് താരങ്ങള്‍. ഇറ്റലിയില്‍നിന്ന് ബോക്‌സിങ് താരങ്ങളും ക്രൊയേഷ്യയില്‍നിന്ന് ഷൂട്ടിങ് താരങ്ങളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക്‌സിനായി കഴിഞ്ഞ ദിവസം ടോക്യോയില്‍ പറന്നിറങ്ങി. 

ഇന്ത്യയില്‍ നിന്ന് തിരിച്ച ആദ്യസംഘത്തില്‍ 54 പേരാണുള്ളത്. ഇവര്‍ക്കൊപ്പം 34 ഒഫീഷ്യലുകളുമുണ്ട്. ഹോക്കിടീമുകളും അമ്പെയ്ത്ത്, നീന്തല്‍, ബാഡ്മിന്റണ്‍, ജിംനാസ്റ്റിക്സ്, ടേബിള്‍ ടെന്നീസ്, ജൂഡോ ഇനങ്ങളില്‍ മത്സരിക്കുന്നവരുമാണ് ഈ സംഘത്തിലുള്ളത്. ഷൂട്ടിങ്, ബോക്‌സിങ്, വെയ്റ്റ്ലിഫ്റ്റിങ് താരങ്ങള്‍ നേരത്തേ ടോക്യോയിലെത്തിയിരുന്നു.

Content Highlights: Covid protocols during Tokyo Olympics 2020