കോഴിക്കോട്; ദേശീയ വോളി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ തോല്‍പ്പിച്ച് കിരീടം ചൂടിയ റെയില്‍വേസിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കേരള പുരുഷ ടീം. നാല് സെറ്റുകള്‍ നീണ്ട പുരുഷ ഫൈനല്‍ പോരാട്ടത്തില്‍  റെയില്‍വേസിനെ തറപറ്റിച്ചാണ് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: (24-26, 25-23, 25-19, 25-21). കഴിഞ്ഞ തവണയും ഫൈനലില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കേരളത്തിന്റെ വിജയം..

ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച ഫോമില്‍ കളിച്ച റെയില്‍വേസ് വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ സെറ്റ്  26-24 എന്ന സ്‌കോറില്‍ സ്വന്തമാക്കി. എന്നാല്‍ സ്വന്തം തട്ടകത്തില്‍ വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത കേരള താരങ്ങള്‍ പിന്നീടുള്ള മൂന്നു സെറ്റുകളും തിരിച്ചുപിടിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്.

ക്യാപ്റ്റന്‍ ജെറോം വീനീതും അജിത് ലാലുമാണ് ആക്രണമത്തിന് ചുക്കാന്‍ പിടിച്ചത്. വിബിന്‍ ജോര്‍ജ് നിര്‍ണ്ണായക നിമിഷങ്ങളില്‍ ടീമിന്റെ രക്ഷകനായി. അജിത് ലാല്‍ തുടക്കം മുതല്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ പിഴവുകള്‍ ആവര്‍ത്തിക്കാതെയായിരുന്നു യുവതാരത്തിന്റെ ഫൈനലിലെ പ്രകടനം. ജെറോം പതിവുപോലെ ടീം ആവശ്യപ്പെടുമ്പോഴെല്ലാം മിന്നലടികളിലൂടെ പോയന്റുകല്‍ നേടി സമ്മര്‍ദ്ദമകറ്റി. പ്രതിരോധത്തില്‍ അഖിനും രോഹിതും ഒരുപോലെ തിളങ്ങിയതാണ് അനായാസ വിജയത്തിന് കേരളത്തെ സഹായിച്ചത്. പ്രഭാകരനൊഴികെയുള്ള റെയില്‍വെ അറ്റാക്കര്‍മാര്‍ക്കൊന്നും ഇരുവരും സ്വാതന്ത്ര്യമനുവദിച്ചില്ല.

Kerala Volleyball
Photo:KK Santhosh

സെറ്റര്‍ മുത്തുസ്വാമി മാത്രമാണ് കേരള നിരയില്‍ നിറം മങ്ങിയത്. ഒന്നാം സെറ്റ് നഷ്ടമാവാന്‍ കാരണം മുത്തുസ്വാമിയുടെ പിഴവുകളാണ്. മുത്തുസ്വാമിയെ മാറ്റി  അനു ജെയിംസിനെ കളിപ്പിച്ച കോച്ച് അബ്ദുള്‍ നാസറിന്റെ തീരുമാനം കേരള വിജയത്തില്‍ നിര്‍ണ്ണായകവുമായി. 

അഖിനിന്റേയും അജിത് ലാലിന്റെയും മികവില്‍ ആദ്യസെറ്റിന്റെ തുടക്കത്തില്‍ കേരളം 4-1ന് മുന്നിലെത്തിയിരുന്നു.എന്നാല്‍ പ്രഭാകരനും മലയാളി താരം മനു ജോസഫും മആക്രമണം നയിച്ചപ്പോള്‍ റെയില്‍വേസ് 18-18 ന് സമനില നേടി. തുടര്‍ന്ന് സെറ്റിന്റെ ഒടുക്കംവരെ ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റേമായിരുന്നു. ഒടുവില്‍ പ്രഭാകരന്‍ ആഞ്ഞടിച്ചപ്പോള്‍ റെയില്‍വേസ് 26-24ന് സെറ്റെടുത്തു. 14-12 ന് മുന്നില്‍ നില്‍ക്കെ മുത്തുസ്വാമിയും രോഹിതും തമ്മിലുണ്ടായ ആശയക്കുഴപ്പത്തില്‍ രണ്ട് പോയന്റ് നഷ്മായതാണ് തിരിച്ചുവരവിന് റെയില്‍വേസിനെ സഹായിച്ചത്.

ആദ്യസെറ്റ് നഷ്ടമായശേഷം ഉയിര്‍ത്തെഴുന്നേറ്റ കേരളം രണ്ടാം സെറ്റില്‍ ഒരുഘട്ടത്തില്‍പ്പോലും റെയില്‍വേക്ക് മേല്‍ക്കൈ അനുവദിച്ചില്ല. പ്രഭാകരനേയും മനു ജോസഫിനേയും ഫലപ്രദമായി തടയാന്‍ കേരളാ പ്രതിരോധത്തിനായി. ആതിഥേയരുടെ പ്രത്യാക്രമണങ്ങള്‍ പിഴച്ചപ്പോള്‍ തീവണ്ടിപ്പട 21-21 ന് സമനില പിടിച്ചിരുന്നെങ്കിലും വിബിന്റെ സര്‍വ്വീസ് എയ്സിലൂടെ ആതിഥേയര്‍ 25-23ന് രണ്ടാം സെറ്റ് സ്വന്തമാക്കി.

മൂന്നാം സെറ്റില്‍ കേരളത്തിന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. 25-19 ന് അനായാസമായിരുന്നു ജയം. അജിത് ലാല്‍ മിന്നല്‍ ആക്രമണത്തിലൂടെ പോയന്റുകള്‍ വാരിക്കൂട്ടിയ കേരളം 25-21 ന് നാലാം സെറ്റും മത്സരവും സ്വന്തമാക്കി.

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആറാം കിരീടമാണിത്, തുടര്‍ച്ചയായ രണ്ടാമത്തെയും. ഒറ്റ മത്സരങ്ങളില്‍ പോലും തോല്‍വി അറിയാതെയാണ് ഇത്തവണ കേരളത്തിന്റെ കിരീട നേട്ടം.